തിരുവനന്തപുരം: ഐഎന്‍എല്ലിന് അന്ത്യശാസനം നല്‍കി സിപിഎം. ഒറ്റപ്പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ നിന്നാല്‍ മതിയെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ടായി പിളര്‍ന്ന ഐഎന്‍എല്ലിനെ അംഗീകരിക്കില്ലെന്ന സന്ദേശം ഇരു വിഭാഗത്തിനും സിപിഎം നല്‍കി. പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
ഐഎൻഎല്ലിന് സിപിഎമ്മിന്‍റെ താക്കീത്
വിഭാഗീയതയും പരസ്യ പോരും തുടര്‍ന്നാല്‍ മുന്നണി യോഗത്തില്‍ നിന്നുൾപ്പെടെ ഇരു വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സിപിഎം താക്കീത് നൽകി. മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും ഇടതുമുന്നണിയും ഐഎന്‍എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം നേതാക്കളെ കണ്ട് അബ്‌ദുല്‍ വഹാബ്
ഐഎന്‍എല്‍ നേതാവ് അബ്‌ദുല്‍ വഹാബ് എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. കോടിയേരി ബാലകൃഷ്‌ണന്‍, എ.വിജയരാഘവന്‍ തുടങ്ങിയ നേതാക്കളെ കണ്ട് ചർച്ച നടത്തിയ അദ്ദേഹം പരസ്യപ്പോര് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തയ്യാറാണെന്നും സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ALSO READ: ഐഎൻഎൽ പിളർന്നിട്ടില്ലെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി റഫീക്ക് പട്ടരുപറമ്പിൽ
നിരന്തരമായി വിവാദങ്ങളുണ്ടാക്കുന്നതില്‍ കടുത്ത അമര്‍ഷമാണ് നേതാക്കള്‍ വഹാബിനെ അറിയിച്ചത്. സിപിഎം നേരത്തെ തന്നെ കര്‍ക്കശ നിലപാട് ഐഎന്‍എല്ലിനെ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് അബ്‌ദുൾ വഹാബ് വിഭാഗം കടുംപിടുത്തം ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്ക് തയാറായത്. കാസിം ഇരിക്കൂറുമായി അടുത്ത് നില്‍ക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിലുമായി അബ്‌ദുല്‍ വഹാബ് ചര്‍ച്ച നടത്തി. ഒത്ത് തീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വച്ചാണ് വഹാബ് വിഭാഗത്തിന്‍റെ നീക്കം.