തിരുവനന്തപുരം: മുസ്ലീംലീഗ് ദിനപത്രത്തിന്‍റെ മറവില്‍ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെു പിടിച്ച് ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെ.ടി ജലീല്‍ സി.പി.എമ്മില്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. ലീഗ് ഭരിക്കുന്ന മലപ്പുറം എ.ആര്‍ നഗര്‍ സഹകണ ബാങ്കിലൂടെ 1020 കോടി രൂപയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടി വെളുപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം വേണമെന്നുമുള്ള കെ.ടി ജലീലിന്‍റെ ആവശ്യം സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു.
ഇതോടെ, മുഖ്യമന്ത്രിയ്‌ക്കു പിന്നാലെ സഹകരണ മന്ത്രിയും ജലീലിനെ പരസ്യമായി തള്ളിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അതൃപ്തി ജലീലിനെ അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ച വിജയരാഘവന്‍, സഹകരണ ബാങ്കിലെ ഇടപാട് ഇ.ഡി അന്വഷിക്കണമെന്നത് പാര്‍ട്ടി നിലപാടിനെതിരാണെന്ന് ജലീലിനെ അറിയിച്ചു.
ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് നോട്ടപ്പുള്ളിയായി ജലീല്‍
കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്ന ജലീലിന്‍റെ നടപടി ശരിയല്ലെന്നും വിജയരാഘവന്‍ ജലീലിനെ അറിയിച്ചതായാണ് വിവരം. രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിനെതിരെ സി.പി.എം നിരന്തരം സമര രംഗത്തു നില്‍ക്കുമ്പോഴാണ് കെ.ടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതെന്നതും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി.
തിങ്കളാഴ്ച മലപ്പുറത്തു നടത്തിയ വാര്‍ത്ത സമ്മേളനത്തിലൂടെയാണ് ലീഗ് ഭരിക്കുന്ന എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലൂടെ കുഞ്ഞാലിക്കുട്ടി 1020 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം വേണമെന്നുമുള്ള ആരോപണം ഉന്നയിച്ച് ജലീല്‍ സി.പി.എമ്മിന്‍റെ നോട്ടപ്പുള്ളിയായത്.
നിരന്തരമായി ഈ വിഷയം ഉന്നയിച്ച് ജലീല്‍ ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞു പിടിച്ച് ലക്ഷ്യം വയ്ക്കുന്നതിലും സി.പി.എം കടുത്ത അതൃപ്തിയിലായിരുന്നു. ഈ അതൃപ്തിയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ചത്.
ജലീലിന് ഇ.ഡിയില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി
ഇത്തരത്തില്‍ ഒരാവശ്യം ജലീല്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഒരിക്കല്‍ ഇ.ഡി ചോദ്യം ചെയ്തതു കൊണ്ട് ജലീലിന് ഇ.ഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിട്ടുണ്ടെന്നു തോന്നുന്നുവെന്ന പരിഹാസവും മുഖ്യമന്ത്രി ഉയര്‍ത്തി.
സഹകരണ സംഘങ്ങള്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നവയല്ലെന്നും അക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇവിടെ തന്നെ സംവിധാനം ഉണ്ടെന്നും വിശദീകരിച്ച മുഖ്യമന്ത്രി ജലീലിനെ പൂര്‍ണമായും കൈവിട്ടു. ഇതിനുപിന്നാലെ, സഹകരണ മന്ത്രി വി.എന്‍ വാസവനും ജലീലിനെതിരെ രംഗത്തു വന്നു. എ.ആര്‍ നഗര്‍ ബാങ്ക് വിഷയം ജലീല്‍ താനുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വാസവന്‍ പറഞ്ഞു.
'സര്‍ക്കാരിനെ ഉപയോഗിച്ച് വ്യക്തി വൈരാഗ്യം തീര്‍ക്കരുത്'
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞ സഹകണ മന്ത്രി, മുഖ്യമന്ത്രി പറഞ്ഞതിനപ്പുറമൊന്നും തനിക്കു പറയാനില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാനാകില്ലെന്നും വാസവന്‍ ജലീലിന് മുന്നറിയിപ്പു നല്‍കി. നേരത്തേ ഇതേ വിഷയം നിയമസഭയില്‍ ജലീല്‍ ഉയര്‍ത്തിയിരുന്നെങ്കിലും സി.പി.എമ്മിന്‍റെ പിന്തുണ ലഭിച്ചിരുന്നില്ല.
അന്നേ ഇക്കാര്യത്തിലുള്ള സി.പി.എം സന്ദേശം വ്യക്തമായിട്ടും ജലീല്‍ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. വ്യക്തി വൈരാഗ്യം ലക്ഷ്യമിട്ടുള്ള ജലീലിന്‍റെ നടപടി മലപ്പുറത്ത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവും ജലീലിന് വിലങ്ങിടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം.
ALSO READ: കെ.ടി ജലീലിനെ തള്ളി വി.എൻ വാസവനും, വ്യക്തി വൈരാഗ്യത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കില്ല