തിരുവനന്തപുരം : ഫെബ്രുവരിയില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രായപരിധി മാനദണ്ഡമാക്കിയാല്‍ പുറത്താകുന്നത് അഞ്ച് പ്രമുഖ നേതാക്കള്‍. കഴിഞ്ഞ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രായപരിധി 75 ആയി നിശ്ചയിച്ചത്. ഈ മാനദണ്ഡം ഇക്കുറിയും കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളായ എം.എം മണി, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവര്‍ പുറത്താകും.
മുഖ്യമന്ത്രി പിണറായി വിജയന് 75 പിന്നിട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം സി.പി.എം സെക്രട്ടറിയേറ്റില്‍ തുടരാനാണ് സാധ്യത. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താകുന്നവരില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ ഒഴികെ മറ്റ് നാലുപേരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
ALSO READ:'ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമം'; ആര്യക്കെതിരായ മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി
2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തിലാണ് പ്രായപരിധി 75 ആയി നിശ്ചയിച്ചത്. ഇതനുസരിച്ച് അന്ന് പിരപ്പന്‍കോട് മുരളിയെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും തന്നെക്കാൾ പ്രായക്കൂടുതലുള്ള കോലിയക്കോട് കൃഷ്ണന്‍നായരെ നിലനിര്‍ത്തിയതില്‍ അദ്ദേഹം സംസ്ഥാന സമ്മേളനത്തില്‍ തന്നെ അതൃപ്തി പരസ്യമാക്കിയിരുന്നു.
സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പകുതിയിലേറെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.അതിനിടെ കെ-റെയില്‍ സംബന്ധിച്ച ലഘുലേഖ വീടുകളില്‍ എത്തിച്ചതിന് പിന്നാലെ ലോക്കല്‍ തലങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സി.പി.എം ആരംഭിച്ചു.