തിരുവനന്തപുരം : ഈരാറ്റുപേട്ട നഗരസഭാഭരണം എസ്‌ഡിപിഐ പിന്തുണയോടെ അട്ടിമറിച്ചെന്ന യുഡിഎഫ് ആരോപണത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. എസ്‌ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന, തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാണ് സിപിഎം പദ്ധതി.
എസ്‌ഡിപിഐ ബന്ധം വിച്ഛേദിക്കാന്‍ യുഡിഎഫ് ഒരുക്കമാണോയെന്ന ചോദ്യമുയര്‍ത്താനാണ് നീക്കം. വരും ദിവസങ്ങളില്‍ സിപിഎം ഈ പ്രശ്‌നം സജീവമാക്കിയാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും.
തിരിച്ചടിക്കാനൊരുങ്ങി സിപിഎം
2020 ഡിസംബറില്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റില്‍ എല്‍ഡിഎഫ്-9, കോണ്‍ഗ്രസ്-8, ബിജെപി-3, എസ്‌ഡിപിഐ-1 എന്നതാണ് കക്ഷി നില.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുപക്ഷത്തും 9 വീതം അംഗങ്ങളായി. ഇതോടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ബീനാ ജയന്‍ പ്രസിഡന്‍റായി.
വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും ഇതേ നാടകം ആവര്‍ത്തിച്ചതോടെ അതിലും നറുക്ക് വേണ്ടിവന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസിനു കിട്ടി. കോണ്‍ഗ്രസിലെ ജഗന്നാഥ പിള്ള വൈസ് പ്രസിഡന്‍റായി.
എന്നാല്‍ എസ്‌ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത് വാര്‍ത്തയായതിന് പിന്നാലെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അന്നത്തെ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ പുറത്താക്കി.
രേഖാമൂലം ഇവര്‍ പുറത്താണെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സന്നിഹിതരാണ്.
ALSO READ:'കോൺഗ്രസിന്‍റെ തകർച്ച വേഗത്തില്‍'; കെ.പി അനിൽ കുമാർ പാര്‍ട്ടി വിട്ടതിൽ എ വിജയരാഘവൻ
അടുത്തിടെ വെമ്പായത്ത് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പങ്കെടുത്ത ചടങ്ങില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പങ്കെടുത്തിരുന്നു.
ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സിപിഎം ജില്ല കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടുള്ള തിരിച്ചടിക്കാണ് സിപിഎം തയ്യാറെടുക്കുന്നത്.
വെമ്പായം ഗ്രാമപഞ്ചായത്ത് കക്ഷി നില:
ആകെ സീറ്റ് - 21
എല്‍ഡിഎഫ് - 9
യുഡിഎഫ് - 8
ബിജെപി - 3
എസ്‌ഡിപിഐ - 1