തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും പുല്ലുവിലയെന്ന് വിമര്‍ശനം. സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ ഗാനമേള അരങ്ങേറിയത് വിവാദമാകുന്നു. കഴിഞ്ഞ 13 ന് ആരംഭിച്ച സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച തിരുവാതിര കളി വിവാദത്തിന് പിന്നാലെയാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് സമാപനസമ്മേളനത്തിൽ അരങ്ങേറിയ ഗാനമേളയും വിവാദത്തിലായത്.
സർക്കാർ നിർദേശ പ്രകാരം പൊതുപരിപാടികളിൽ 150 പേർക്കും, അടച്ചിട്ട സ്ഥലങ്ങളില്‍ 75 പേർക്ക് മാത്രം പങ്കെടുക്കാവുന്നതായും നിയമം ഉള്ളപ്പോളാണ് ഇരുന്നൂറിലധികം പ്രതിനിധികളുമായി പാറശ്ശാല ജയ മഹേഷ് ഓഡിറ്റോറിയത്തിലെ കാട്ടാക്കട ശശി നഗറിൽ സമ്മേളനത്തിന് കൊടിയേറിയത്. പ്രതിനിധികളിൽ ഒന്നിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും ഒരുവിധ നിയന്ത്രണങ്ങളുമില്ലാതെ സമ്മേളനം തുടരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എത്തുന്നതു വരെയുള്ള വിരസത മാറ്റാൻ സംഘാടകർ ഗാനമേള ഒരുക്കിയത്. 'പുഷ്പ' എന്ന അല്ലു അർജുൻ ചിത്രത്തിലെ ഹിറ്റ് പാട്ടുകൾ ഉൾപ്പെടെ കലാകാരന്മാർ പാടിയപ്പോൾ സഖാക്കളും മതിമറന്ന് ആഘോഷിക്കുകയായിരുന്നു.
550 പേരെ സംഘടിപ്പിച്ചുകൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിൽ വീഴ്ച ഉണ്ടായി എന്ന് പാർട്ടി നേതൃത്വം തുറന്നു സമ്മതിച്ച വേദിയിൽ തന്നെയാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള ഈ കലാപ്രകടനം എന്നതും ഏറെ ശ്രദ്ധേയമാണ്. 50 പേർ ഒത്തു കൂടിയാൽ കേസെടുക്കാൻ ഉത്തരവ് നൽകുന്ന സർക്കാരിന്‍റെ സ്വന്തം പാർട്ടിയുടെ ഈ നിലപാടുകളിൽ വ്യാപക പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞു.