തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് പഠനക്ലാസുമായി സിപിഎം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്ലാസിന് ഇന്ന് രാവിലെ 10:30ന് തുടക്കമായി. തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് പരിപാടി നടക്കുന്നത്. എസ്എഫ്ഐ നേതാക്കളുടെ പേരിൽ അടിക്കടി വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് സിപിഎം പഠനക്ലാസ് ഒരുക്കിയത്.
പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പഠനക്ലാസിൽ പങ്കെടുക്കും. എസ്എഫ്ഐ നേതാക്കളുടെ പേരിൽ ഉയർന്നുവന്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ കടുത്ത അതൃപ്‌തിയാണ് പാർട്ടി നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് തിരുത്തൽ നടപടികളുമായി പാർട്ടി നേതൃത്വം മുന്നോട്ടുപോകുന്നത്. പ്രവർത്തകരിൽ സംഘടന അവബോധം വളർത്തിയെടുക്കുക, നയവ്യതിയാനങ്ങൾ, തെറ്റുകൾ എന്നിവ തിരുത്തി എസ്എഫ്ഐയെ നേർവഴിക്ക് നയിക്കുക എന്നീ കാര്യങ്ങളാണ് സിപിഎം പഠന ക്ലാസ് നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐയുടെ നേതൃനിരയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും സിപിഎം ഇത് തള്ളി. നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം നേതാക്കന്മാർക്ക് സംഘടനാബോധം ഇല്ലാത്തതും നേതൃത്വത്തിന്‍റെ പക്വതക്കുറവുമാണെന്നാണ് സിപിഎം വിലയിരുത്തൽ. മാത്രമല്ല, എസ്‌എഫ്‌ഐ നേതാക്കളുടെ പേരിലുള്ള വ്യാപക ക്രമക്കേടുകൾ പ്രതിപക്ഷവും വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
എസ്‌എഫ്‌ഐയുടെ പേരുയര്‍ന്നത് നിരവധി വിവാദങ്ങളില്‍: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ച മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ കേസ് സംസ്ഥാനത്ത് രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നാലെയാണ്, കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടിയ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്‍റെ വിഷയം പുറത്തുവന്നത്.
പുറമെ കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസുകൂടെ ആയതോടെ ഈ വിഷയങ്ങളെല്ലാം പ്രതിപക്ഷം ആളിക്കത്തിച്ചു. ഇത് എസ്എഫ്ഐയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ സിപിഎം നേതൃത്വം തന്നെ മുൻകൈ എടുക്കുന്നത്.
ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തിന് സിപിഎം: കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ, ഏക സിവില്‍ കോഡിനെതിരായ പ്രചാരണ വിഷയം ചർച്ച ചെയ്‌തിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേയുംം മുസ്‌ലിം ലീഗിന്‍റേയും ഇടപെടലിനെ രാഷ്ട്രീയമായി നേരിടാനായുള്ള പ്രചാരണങ്ങള്‍ യോഗം വിലയിരുത്തി. പ്രതിഷേധ സെമിനാറുകളും യോഗത്തിൽ ആസൂത്രണം ചെയ്‌തുവെന്നാണ് ലഭ്യമാകുന്ന വിവരം. പൗരത്വ ദേദഗതി മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ശ്രമം. സമസ്‌തയെ സിപിഎം ക്ഷണിക്കുമെന്ന് എംവി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു.
സമസ്‌തയ്‌ക്ക് സിപിഎമ്മിന്‍റെ ഔദ്യോഗിക ക്ഷണം: കഴിഞ്ഞ ദിവസങ്ങളിലെ മലബാര്‍ ഭാഗത്തെ രാഷ്ട്രീയ വ്യതിചലനങ്ങള്‍ മനസിലാക്കി, മുസ്‌ലിം സംഘടനകളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോവാനാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കോഴിക്കോട് നടക്കുന്ന യുസിസി ദേശീയ സെമിനാറിലേക്ക് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ (ഇകെ വിഭാഗം) സിപിഎം ഔദ്യോഗികമായി ക്ഷണിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ നയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാകും ഏക സിവില്‍ കോഡിനെ സിപിഎം പ്രതിരോധിക്കുക.
കഴിഞ്ഞ ദിവസം ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് ബഹുസ്വരത ആഘോഷം എന്ന പേരില്‍ ജനസദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷം ഉയര്‍ത്താനിരിക്കുന്ന ക്യാമ്പയിന് കോട്ടം തട്ടാതെയുള്ള പ്രതിഷേധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാകും സിപിഎം രൂപം നൽകുക.