തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കൗൺസിലറുടെ അറസ്റ്റിൽ ഇഡിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്‌താവന. (CPM Statement Karuvannur Bank Scam) സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് സിപിഎം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷന്‍റെ അറസ്റ്റ്. സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾ അതിന് ബദലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നയമാണ്. സഹകരണ പ്രസ്ഥാനങ്ങളെ വളർത്തി മുൻപോട്ടു കൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്.
കേന്ദ്ര ഏജൻസികളുടെ (central agency) ഇടപെടൽ ഇത് ലക്ഷ്യം വച്ചാണ്. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അരവിന്ദാക്ഷൻ ഇത് നേരത്തെ പുറത്തു കൊണ്ടു വന്നിരുന്നു.
അരവിന്ദാക്ഷനെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. അരവിന്ദാക്ഷൻ ഇത് സംബന്ധിച്ചു നൽകിയ പരാതിയും പൊലീസിന്‍റെ മുൻപിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ഉണ്ടായ അറസ്റ്റ് ഇക്കാര്യത്തിന് പിന്നിലുള്ള താത്‌പര്യം വ്യക്തമാക്കുന്നു. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കങ്ങളെ നേരിട്ട് മുൻപോട്ടു പോകാനാണ് തീരുമാനം.
നാടിന്‍റെ ജനാധിപത്യ അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് ഇത്. സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയെ പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്‌താവന ഇറക്കിയത്.
കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് അരവിന്ദാക്ഷനെതിരെയുള്ള ആരോപണം. നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിൽ മർദനം നേരിട്ടു എന്ന് പരാതി നൽകിയിരുന്നു. അതേസമയം ചോദ്യ ചെയ്യാൻ വിളിച്ചു വരുത്തി ഇഡി ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണനും ആരോപിച്ചു.