തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ നേരിട്ടും അല്ലാതെയും ആർക്ക് ബന്ധമുണ്ടായാലും അവരെ ഒറ്റപ്പെടുത്തുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പാർട്ടി പ്രതിജ്ഞാബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി വലിയ പ്രചാരണങ്ങൾ വർത്തമാന കേരളം ആവശ്യപ്പെടുന്നുണ്ടെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുക പ്രധാനമാണെന്ന് ഇലന്തൂർ സംഭവം ഓർമിപ്പിക്കുന്നു. ഒരുകാലത്ത് ബൂർഷ്വാസി ഉയർത്തിപ്പിടിച്ച നവോത്ഥാനത്തിന്‍റെ കൊടിക്കൂറ സ്ഥാപിത താൽപര്യങ്ങൾക്കായി വലിച്ചെറിയുകയാണ് ചെയ്‌തത്. അത് ഏറ്റുപിടിച്ച് മുന്നോട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്‌ത്രീകളെ കൊന്ന് കഷണങ്ങളായി മുറിക്കുന്നതിന് ഇടയാക്കിയതാകട്ടെ അന്ധവിശ്വാസവും അനാചാരവും കീഴടക്കിയ മനസുകളുടെ പ്രവൃത്തിയാണ്. അന്ധവിശ്വാസത്തെയും അനാചാരത്തെയും ചൂഷണം ചെയ്‌ത് ജീവിക്കുന്ന ഒരു മനുഷ്യന്‍റെ ക്രൂരമായ ജീവിതമാണ് ഇതിന് അടിസ്ഥാനമായി തീർന്നത്. നവമാധ്യമങ്ങൾ സൃഷ്‌ടിക്കുന്ന പലതരം ചതിക്കുഴികളെ തിരിച്ചറിയേണ്ടതിന്‍റെ പ്രാധാന്യവും ഈ സംഭവം ചൂണ്ടിക്കാട്ടുന്നു.
ദാരുണമായ ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധമുയരുകയും അതിനെ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരായുള്ള മുന്നേറ്റമായി വികസിപ്പിക്കാനുമാകണം. അതിനായുള്ള ആത്മപരിശോധന ഓരോ പ്രസ്ഥാനവും നടത്തേണ്ടതുണ്ട്. അതിന് ഈ സംഭവം ഇടയാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.