തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. ഗവര്‍ണര്‍ക്ക് സമചിത്തത നഷ്‌ടപ്പെട്ടോ എന്നു സംശയമുണ്ടെന്ന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.
സര്‍ക്കാരിനെതിരെ വ്യാപകമായ പ്രചാരവേലകളാണ് അദ്ദേഹം നടത്തുന്നത്. യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. "കണ്ണൂര്‍ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി സെമിനാറിലുണ്ടായ പ്രതിഷേധം ആസൂത്രിതമല്ല. പൊടുന്നനെ ഉണ്ടായതാണ്. ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുള്ളവര്‍ വധഗൂഢാലോചന നടത്തിയെന്നു പറയുന്നതിന് അടിസ്ഥാനമില്ല. ഇതിന്റെ പേരില്‍ സിപിഎമ്മിനെയും എസ്എഫ്ഐയേയും ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണ്" എന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരെയുള്ള ശബ്‌ദം അദ്ദേഹം കടുപ്പിച്ചു. ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ രംഗത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും ഇരുവരും ഒരേ ചിറകുള്ള പക്ഷികളാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനെ കുറിച്ച് ആശങ്കയില്ലെന്നും ഗവര്‍ണര്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍വകലാശാല ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിയമവിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചത്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം നടക്കുമെന്ന് കരുതാനാകില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ എന്തും വിളിച്ചു പറയാനുള്ള പദവിയല്ല ഗവര്‍ണറുടേതെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ തിരിച്ചടിച്ചിരുന്നു.