തിരുവനന്തപുരം: കാട്ടുനീതി നടക്കുന്ന ഉത്തർപ്രദേശ് കേരളം പോലെയായാല്‍ അത് അവിടത്തെ ജനങ്ങള്‍ക്ക് നേട്ടമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബിജെപിക്ക് വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്‍റെ പ്രസ്‌താവന നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേരളം പോലെയാകാന്‍ ബിജെപിയെ തോര്‍പ്പിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും കോടിയേരി പറഞ്ഞു.
കേരളത്തെ കുറിച്ച് തെറ്റായ ചിത്രം നല്‍കാനായിരുന്നു യോഗിയുടെ പ്രസ്‌താവന. എന്നാല്‍ വിവാദമായതോടെ കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാരണമായി. ഈ രാഷ്ട്രീയ വിവാദം അവിടുത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എല്ലാ മേഖലയിലും കേരളം വളരെ മുന്നിലാണെന്നത് എല്ലാ രേഖകളിലും വ്യക്തമാണ്. എന്നിട്ടും തെറ്റായ പ്രസ്‌താവന നടത്തിയ യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍തുടരുന്ന രീതി. അതാണ് മീഡിയ വണ്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. മാധ്യമങ്ങളെ ഇത്തരത്തില്‍ നേരിടുന്ന രീതി ശരിയല്ലെന്നും കോടിയേരി പ്രതികരിച്ചു.