തിരുവനന്തപുരം : നവകേരള സദസിന് ശേഷം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് (CPM State Secretariat). ഏറെ വിവാദങ്ങള്‍ക്ക് ശേഷം ചേരുന്ന സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്‍റെ ബിഷപ്പുമാര്‍ക്കെതിരെയുള്ള പരാമര്‍ശവും (Saji Cherian's Bishops Remark) പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനവും (Narendra Modi's Thrissur Visit) ചര്‍ച്ചയായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election) അടുത്തതിനാല്‍ സംസ്ഥാനത്തെ പ്രചരണ പരിപാടികളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിന് (Navakerala Sadas) ശേഷമുള്ള ആദ്യ സെക്രട്ടേറിയറ്റ് കൂടിയാണ് ഇന്ന് ചേരുന്നത്. യാത്രയുടെ വിലയിരുത്തലും സെക്രട്ടേറിയറ്റ് നടത്തും. ജനുവരി രണ്ടിനായിരുന്നു നവകേരള സദസിന്‍റെ സമാപനം.
ബിഷപ്പുമാർക്കെതിരെയുള്ള സജി ചെറിയാന്‍റെ പരാമർശം : പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുത്ത വൈദികരെ വിമര്‍ശിച്ചായിരുന്നു സജി ചെറിയാന്‍റെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ ചില വാക്കുകള്‍ സജിചെറിയാന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പരാമര്‍ശത്തിന് പിന്നാലെ ക്രൈസ്‌തവ നേതാക്കന്‍മാരില്‍ നിന്നും പാര്‍ട്ടിക്കുനേരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു.
'ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. മുന്തിരി വീഞ്ഞും കേക്കും കഴിച്ചപ്പോൾ അവർ മണിപ്പൂർ വിഷയം മറന്നു' എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമർശം. ഇത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. പ്രതിപക്ഷ നേതാവടക്കം നിരവധി പേർ സജി ചെറിയാനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർന്നാണ് അദ്ദേഹം വിവാദ പ്രസ്‌താവന പിൻവലിച്ചത്. വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നും മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിൽ തന്‍റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also read: 'നാക്ക് പിഴയല്ല, സജി ചെറിയാൻ പറഞ്ഞത് വിശേഷണം'; ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ എംവി ഗോവിന്ദൻ
അതേസമയം, നാക്ക് പിഴയല്ല സജി ചെറിയാൻ പറഞ്ഞതെന്നും അതൊരു വിശേഷണം മാത്രമാണെന്നുമായിരുന്നു വിഷയത്തിൽ എം വി ഗോവിന്ദൻ പ്രതികരിച്ചത്. ബിഷപ്പുമാരുടെ അതൃപ്‌തി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു (MV Govindan On Saji Cherian's Remark). പ്രസംഗത്തിനിടയിലെ പ്രയോഗമാണ് സജി ചെറിയാൻ പറഞ്ഞതെന്നും പ്രസ്‌താവനയെ സംബന്ധിച്ചുള്ള പരാതി ഉൾപ്പടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ വ്യക്തമാക്കുമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.