തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനായി ചേരുന്ന രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് (ജൂലൈ 7 ബുധൻ) അവസാനിക്കും. ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ ആകും സെക്രട്ടേറിയറ്റ് യോഗം തെരഞ്ഞെടുപ്പ് റിപ്പോർട്ട് തയ്യാറാക്കുക.
പ്രസ്‌തുത റിപ്പോർട്ട് വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും. സമ്പൂർണമായ വിലയിരുത്തലാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വന്ന വീഴ്‌ചകൾ സിപിഎം പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കിൽ അച്ചടക്ക നടപടിയും നേതാക്കൾക്കെതിരെ ഉണ്ടാകും.
നേതാക്കൾക്കെതിരെ ജില്ല കമ്മറ്റികൾ
മുൻ മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതു കൂടാതെ കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടു നൽകിയപ്പോൾ നടന്ന പരസ്യ പ്രതിഷേധവും അതിലെ അച്ചടക്ക നടപടിയും നേതൃയോഗങ്ങൾ തീരുമാനിക്കും. അരുവിക്കരയിൽ സ്റ്റീഫനെ പരാജയപ്പെടുത്താൻ വി.കെ മധു ശ്രമിച്ചുവെന്ന പരാതിയിൽ ജില്ല കമ്മിറ്റി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടും സിപിഎമ്മിൻ്റെ മുന്നിലുണ്ട്. ഇവയെല്ലാം വിശദമായി പഠിച്ച് തുടർ നടപടി ഉണ്ടാകും.
കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ പരാജയം സിപിഎം വിശദമായി പരിശോധിക്കുന്നുണ്ട്. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിയതായി സിപിഎം പ്രാഥമികമായി വിലയിരിത്തിയിരുന്നു. ഈ വോട്ട് മറിക്കലിൻ്റെ ആഴത്തിലുള്ള പരിശോധനയും നേതൃയോഗങ്ങളിൽ നടക്കും.
READ MORE: കെ.എം. മാണി പരാമര്‍ശം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും