തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു എന്നത് ആയുധമാക്കാൻ സിപിഎം. വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും നടക്കുന്നു എന്നത് ഉന്നയിച്ച് വിവാദങ്ങളിൽ മൗനം പാലിക്കാനാണ് സിപിഎം നീക്കം. ഇതോടൊപ്പം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലെ പുറത്തുവരുന്ന രേഖകൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയും ആവശ്യപ്പെടും.
ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ എഐ ക്യാമറ വിവാദം ചർച്ചയായില്ല. വിവാദങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിക്കും എന്നായിരുന്നു ആദ്യ സൂചന. എന്നാൽ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരു വിശദീകരണവും നൽകിയില്ല.
ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ പൂർത്തിയായ ശേഷം അതിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വ്യക്തത വരുത്താം എന്നായിരുന്നു സെക്രട്ടേറിയറ്റിലെ ധാരണ. വിഷയം ചർച്ച ചെയ്യാത്തതുകൊണ്ട് തന്നെ ഇന്ന് മുതൽ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിലും എഐ ക്യാമറ വിവാദം പരാമർശിക്കപ്പെടില്ല. കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ റിപ്പോർട്ടിങ്ങും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംഘടന വിഷയങ്ങളുമാകും സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പരിശോധിച്ച അന്വേഷണ സമിതി റിപ്പോർട്ടും ഇന്ന് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വരും. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ജില്ല കമ്മിറ്റിക്ക് വീഴ്‌ച വന്നു എന്ന് എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ എന്നിവരടങ്ങിയ കമ്മിഷൻ കണ്ടെത്തിയിരുന്നു. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് മുമ്പ് അരുൺകുമാറിനെ സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചതും ചുവരെഴുത്തുകൾ നടന്നതും ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അച്ചടക്ക നടപടി വേണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ സംഘടനയിലെ വിഭാഗീയതകൾ പരിശോധിച്ചാൽ രണ്ട് കമ്മിഷൻ റിപ്പോർട്ടുകളും ഇന്ന് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വരും. ഇന്നും നാളെയുമായാണ് സിപിഎം സംസ്ഥാന സമിതി ചേരുന്നത്.