തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തീവ്രഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി സിപിഎം. ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമർശിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.
ബി.ജെ.പി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ രാജ്യമാകെ വ്യാപകമായ പ്രതിരോധം ഉയരുമ്പോഴാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി ഉന്നയിച്ച `തീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്‌താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്‌ത്തുന്നതെന്നും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാന്‍ തെരുവില്‍ നടത്തുന്ന പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കെപിസിസി അധ്യക്ഷന്‍ സ്വീകരിക്കുന്നതെന്നും സിപിഎം പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതുപോലുള്ള നിലപാടുകള്‍ പല കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുവരെ സ്വീകരിക്കാനായിട്ടില്ലെന്ന് മുല്ലപ്പള്ളി മനസ്സിലാക്കണം. അവരെ തിരുത്താനാണ് മുല്ലപ്പള്ളി തയ്യാറാകേണ്ടത്. സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യം ഒന്നിക്കേണ്ട സന്ദര്‍ഭത്തില്‍ അതിന് മുന്‍കൈയെടുത്ത കേരള മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി നടത്തുന്ന ഇത്തരം വില കുറഞ്ഞ പ്രസ്‌താവനകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാടാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. വിഷയത്തില്‍ കക്ഷി ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിച്ച് സമരങ്ങള്‍ നടത്താനാണ് മുഖ്യമന്ത്രി മുന്‍കൈയെടുത്തത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു. വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്‌തുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേരളത്തിന്‍റെ ഈ ധീരമായ നിലപാടുകള്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ അംഗീകരിക്കുമ്പോഴാണ് മുല്ലപ്പള്ളി മാത്രം വിമർശനം ഉന്നയിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.