തിരുവനന്തപുരം: ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയെ ചൊല്ലി കണ്ണൂരിലെ കരുത്തരായ സിപിഎം നേതാക്കളായ ജയരാജന്‍മാര്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ നിര്‍മാണം നടക്കുന്ന വൈദേകം എന്ന ആയുര്‍വേദ റിസോര്‍ട്ടില്‍ ഇ.പി ജയരാജനും കുടുംബത്തിനും നിക്ഷേപമുണ്ടെന്നും ഈ പണം അഴിമതിയിലൂടെ നേടിയതാണെന്നുമായിരുന്നു പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പി.ജയരാജന്‍ ആരോപിച്ചത്. ഇതിനു ശേഷം നടന്ന ആദ്യ സംസ്ഥാന സമിതി യോഗത്തിന്‍റെ രണ്ടാം ദിനത്തിലാണ് ഈ വിഷയത്തെച്ചൊല്ലി പി.ജയരാജനും ഇ.പി ജയരാജനും ഏറ്റുമുട്ടിയത്.
തന്നെ അഴിമതിക്കാരനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു യോഗത്തില്‍ ഇ.പി ജയരാജന്‍റെ ആരോപണം. എന്നാല്‍, വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ പരാതി നല്‍കിയതെന്ന നിലപാടില്‍ പി.ജയരാജന്‍ ഉറച്ചു നിന്നു. ഇക്കാര്യം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കമ്മിഷന്‍ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ഡിസംബര്‍ മാസത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇ.പി ജയരാജന് കണ്ണൂര്‍ മൊറാഴയിലെ വേദകം ആയുര്‍വേദ റിസോര്‍ട്ടില്‍ അനധികൃത സമ്പാദ്യമുണ്ടെന്ന ആരോപണം പി.ജയരാജന്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്.
എന്നാല്‍, ആരോപണം എഴുതി നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍, ജയരാജനോട് നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതി എഴുതി നല്‍കി. ഇതിനു ശേഷം പല തവണ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നെങ്കിലും സംസ്ഥാന സമിതി യോഗം ചേരുന്നത് ഇതാദ്യമായാണ്.
ഇന്നലെയും ഇന്നുമായി നടന്ന സംസ്ഥാന സമിതി യോഗത്തിന്‍റെ അവസാന ദിനത്തിലാണ് വിഷയം പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കുന്നത്. എന്നാല്‍, റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യയുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നുമായിരുന്നു ഇതു സംബന്ധിച്ച് ജയരാജന്‍ നല്‍കിയ വിശദീകരണം.