തിരുവനന്തപുരം : സഹകരണ ബാങ്കുകളില്‍ ഇഡി പരിശോധനകള്‍ തുടരുന്നതടക്കം പ്രതിരോധത്തിലിരിക്കെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും (CPM state Committee Meeting). സംസ്ഥാന സമിതി അംഗം എ സി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്യാനിരിക്കെ സഹകരണ ബാങ്കുകളിലെ തുടരുന്ന ഇഡി പരിശോധന ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പുറമേ സംസ്ഥാനത്തെ മറ്റ് സഹകരണ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള ഇഡി നീക്കത്തെ സഹകരണ മേഖലക്കെതിരെയുള്ള കടന്നു കയറ്റാമായിട്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നത്.
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപമാണ് ഇടതു കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും നടത്താനിരിക്കുന്ന എല്‍ഡിഎഫിന്‍റെ മണ്ഡലം സദസിന്‍റെ ഒരുക്കങ്ങളും ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന രാഷ്ട്രീയ പ്രചരണമെന്നായിരുന്നു മണ്ഡലം സദസുകളെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചത്. പ്രതിപക്ഷത്തിന്‍റെ ആരോപങ്ങളെ ചെറുത്ത് പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകളും ഇന്നത്തെ യോഗത്തില്‍ സജീവമായേക്കും.
സഹതാപ തരംഗമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് ഇടത് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്‌താവിക്കുമ്പോഴും പുതുപ്പള്ളി മണ്ഡലത്തിലടക്കം ജനസദസിന്‍റെ പ്രചരണത്തിലൂടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ വിലയിരുത്താനാണ് സാധ്യത.
ഇഡി പരിശോധന പൂർത്തിയായി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് എറണാകുളം, തൃശൂർ ജില്ലകളിലായി ഇഡി നടത്തിയ പരിശോധനകൾ പൂർത്തിയായി (Karuvannur Bank Fraud Case ED Raid). തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ചൊവ്വാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അവസാനിച്ചത് ( (ED Raid Karuvannur Bank Fraud Case). തൃശൂരിൽ എട്ടിടത്തും കൊച്ചിയിൽ ഒരിടത്തുമാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്.
ജീവനക്കാരെ 24 മണിക്കൂർ ബാങ്കിലിരുത്തി ബുദ്ധിമുട്ടിച്ചാണ് പരിശോധ നടത്തിയത്. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന സൂചന. തൃശൂരിലെ അയ്യന്തോൾ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയ്‌ക്കാണ് 24 മണിക്കൂർ വേണ്ടി വന്നത്. പരിശോധനയുമായി പൂർണ്ണമായി സഹകരിച്ചതായി ബാങ്ക് ഭരണ സമിതി വ്യക്തമാക്കി.
ഇഡി സംശയിക്കുന്ന സതീഷ് കുമാർ ബാങ്കിൽ അക്കൗണ്ടുളള ഒരാൾ മാത്രമാണ്. അതേസമയം ഇടപാടുകാർക്ക് ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് പരിശോധന നടത്തിയത്. ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ബാങ്ക് അധികൃതർ ആരോപിച്ചിട്ടുണ്ട്. ഇടപാടുകാരുടെ പണം സുരക്ഷിതമാണെന്നും ആരും ആശങ്കപെടേണ്ടതില്ലന്നും ബാങ്ക് അറിയിച്ചു.