തിരുവനന്തപുരം : സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും പ്രചാരണ തന്ത്രങ്ങളും പ്രധാന അജണ്ടയാക്കി സി പി എം സംസ്ഥാന സമിതി യോഗം ചേരുന്നു. ഇന്നും നാളെയുമായാണ് യോഗം നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വോട്ട് തേടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് നേരത്തേ പറഞ്ഞിരുന്നു.
പ്രധാനമായും ഇത് അടിസ്ഥാനമാക്കിയുള്ള പ്രചാരണ തന്ത്രങ്ങൾ ആയിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. സ്‌പീക്കർ എ എന്‍ ഷംസീറും എംവി ഗോവിന്ദനും മിത്ത് വിവാദത്തിൽ ഉയർത്തിയ പരാമർശങ്ങളും അതുവഴി പാർട്ടിക്കുണ്ടായ പരിക്കും ഇലക്ഷന് മുൻപേ മാറ്റുന്നതിനുള്ള വഴികളും ചർച്ചയിൽ ആലോചിച്ചേക്കും. നേരത്തെ മിത്ത് വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ മതപരവും വിശ്വാസപരവുമായ പ്രതികരണങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിലപാടെടുത്തിരുന്നു.
ഇത് കൂടാതെ വീണ വിജയനെതിരായ മാസപ്പടി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ വീണയ്ക്ക് പാർട്ടി പിന്തുണയുള്ളതിനാൽ സംസ്ഥാന സമിതിയിൽ ഈ വിഷയത്തിൽ വിമർശനങ്ങൾ കുറയാനാണ് സാധ്യത. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞതിനാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
പുതുപ്പള്ളി പിടിക്കാൻ എല്‍ഡിഎഫ് : സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയമസഭ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. ജെയ്‌ക് സി തോമസാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടുന്ന സിപിഎം സ്ഥാനാർഥി. ഓഗസ്‌റ്റ് 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. കടുത്ത രാഷ്‌ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തും.
പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് പതിറ്റാണ്ടോളം ഉമ്മൻ ചാണ്ടി വിജയിച്ചുകയറിയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇത്തവണ ഇടതുപക്ഷം. അതേസമയം വീണ വിജയനെതിരായ മാസപ്പടി വിവാദമടക്കം പ്രതിപക്ഷം ഇലക്ഷൻ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ട് വരുമെന്ന വിലയിരുത്തലിലുമാണ് സിപിഎം.
'മാസപ്പടി വിവാദം ഗൂഢാലോചന' : മാസപ്പടി വിവാദങ്ങൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം പ്രതികരണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണെന്നും അതിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണമിടപാട് നടന്നതെന്നുമായിരുന്നു വിഷയത്തിൽ സിപിഎം വിശദീകരണം.