തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. ഓൺലൈനായാണ് യോഗം ചേരുന്നത്. പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അടിയന്തരമായി സംസ്ഥാന സമിതി വിളിച്ചു ചേർത്തിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനസർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന അന്വേഷണമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഈ പ്രതിഷേധങ്ങൾ എങ്ങനെ വേണമെന്നതാണ് ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുക.
ബിനീഷ് കോടിയേരിക്കെതിരെയുള്ള കേസിന്‍റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കേണ്ടതില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിലപാടും സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും. ഉച്ചയ്ക്കുശേഷമാണ് രാഷ്ട്രീയ ചർച്ചകൾ നടക്കുക. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്‍റെ ഒരുക്കങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.