തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ സമൂഹത്തോട് അടുക്കാന്‍ നടത്തുന്ന ബിജെപി ശ്രമങ്ങളെ കരുതലോടെ നേരിടാന്‍ സിപിഎം തീരുമാനം. ക്രൈസ്‌തവ മേലധ്യക്ഷന്‍മാരെയോ വിശ്വാസികളേയോ പ്രകോപിപ്പിക്കാതെ ബിജെപിയുടെ സമീപനങ്ങളെ തുറന്നു കാട്ടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ ഉണ്ടായതു പോലെ മതമേലധ്യക്ഷന്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.
ഇന്ത്യയിലെ മറ്റിടങ്ങളില്‍ ക്രൈസ്‌തവര്‍ക്കും ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ബിജെപി നേതാക്കളുടെ മുന്‍കാല പ്രസ്‌താവനകളും ഉയര്‍ത്തിയാകും ഈ വിഷയത്തില്‍ പ്രചരണം നടത്തുക. ഇതിന്‍റെ ഭാഗമാണ് ആര്‍എസ്എസിന്‍റെ വിചാരധാരയിലെ ക്രൈസ്‌തവര്‍ക്കെതിരെയുളള പരാമര്‍ശങ്ങള്‍ ചര്‍ച്ചയാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. റബറിന് താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നൊരു എംപിയെ തരാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന വന്നപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്തു നിന്നും രൂക്ഷമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ബിഷപ്പിന്‍റെ അഭിപ്രായം ക്രൈസ്‌തവരുടെ പൊതുനിലപാടല്ലെന്ന് പറഞ്ഞ് ലളിതവത്കരിക്കാനാണ് ശ്രമമുണ്ടായത്. റബര്‍ കര്‍ഷകരുടെ സംഗമം അടക്കം നടത്തി ക്രൈസ്‌തവര്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനുള്ള ശ്രമം സിപിഎം നടത്തുന്നതിനിടയിലാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ഈസ്‌റ്റര്‍ ദിനത്തില്‍ ബിഷപ്പുമാരുടെ അരമനകളില്‍ സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ക്ക് വലിയ രീതിയിലുള്ള വരവേല്‍പ്പാണ് ലഭിച്ചത്.
വിഷുദിനത്തില്‍ ക്രൈസ്‌തവരെ ഉള്‍പെടുത്താന്‍ ബിജെപി: ഇതുകൂടാതെ വിഷുദിനത്തില്‍ ക്രൈസ്‌തവരെ കൂടിയുള്‍പെടുത്തിയുള്ള ആഘോഷങ്ങള്‍ക്കാണ് ബിജെപി തയാറെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ഇത് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കപരിഹാരത്തിനായി കൊണ്ടുവരുന്ന ചര്‍ച്ച് ബില്‍ കൂടിയെത്തുമ്പോള്‍ ഒരു വിഭാഗം സര്‍ക്കാറിന് എതിരാകും എന്ന് ഉറപ്പാണ്.
ഇതെല്ലാം മുന്നില്‍ കണ്ടാണ് കരുതലോടെ വിചാരധാരയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പഴയ നിലപാടുകളും ഉയര്‍ത്തി പ്രചരണം നടത്തുന്നത്. ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായതോടെ ക്രൈസ്‌തവര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചുവെന്നാണ് നിലവിലെ വിലയിരുത്തല്‍. പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെ ഈ സ്വീകാര്യത നശിപ്പിക്കേണ്ടന്നതാണ് ധാരണ.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിലും സിപിഎം ഈ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബിജെപി നേതാക്കാളെ പഴയ പ്രസ്‌താവനകളടക്കം ഉയര്‍ത്തി ആക്രമിക്കാനാണ് സിപിഎം സോഷ്യല്‍ മീഡിയ കേന്ദ്രങ്ങളുടെയും ശ്രമം. മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നിട്ടും വിചാരധാരയടക്കം ഉയര്‍ത്തി ബിജെപി നീക്കത്തിനെതിരെ വിമര്‍ശനത്തിന് തുടക്കമിട്ടത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു.
സംഘടിതമായി മറുപടി നല്‍കാന്‍ സിപിഎം: ന്യൂനപക്ഷ വിരുദ്ധ മറുപടി ബിജെപി നേതാക്കളില്‍ നിന്നുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഈ നീക്കം. സിപിഎമ്മിന്‍റെ ഈ തന്ത്രത്തില്‍ ബിജെപി വീഴുക തന്നെ ചെയ്‌തു. സിപിഎം കൂടുതല്‍ മുസ്‌ലിം വത്കരിക്കപ്പെട്ടതായും മുസ്‌ലിങ്ങളുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍ വരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമമെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ പ്രതികരണം.
ഈ വിഷയത്തില്‍ സിപിഎം നേതാക്കള്‍ സംഘടിതമായി തന്നെ സുരേന്ദ്രന് മറുപടി നല്‍കാനാണ് തീരുമാനം. ബിഷപ്പ് ബിജെപി കൂടിക്കാഴ്‌ചകളില്‍ ബിജെപിയെ മാത്രം വിമര്‍ശിച്ച് വിശ്വാസത്തിലേക്ക് കടക്കാതെ രാഷ്ട്രീയമായി തന്നെ വിഷയത്തെ ഉയര്‍ത്തുകയാണ് സിപിഎം ലക്ഷ്യമിടുന്നത്.