തിരുവനന്തപുരം: നേതാക്കളുടെ പ്രവർത്തന ശൈലിയിൽ മാറ്റം അനിവാര്യമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. നേതാക്കൾ മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
മാന്യമായ പെരുമാറ്റമില്ലാതെ ജനങ്ങളോട് അടുക്കാൻ കഴിയില്ലെന്ന വിമർശനവുമായാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ചില നേതാക്കളുടെ ധാർഷ്ട്യം പാർട്ടിക്ക് തിരിച്ചടിയാവുകയാണ്. ഈ പ്രവർത്തന ശൈലിയിൽ മാറ്റം അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ശൈലി മാറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
ഇതല്ലാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകില്ല. ഭവന സന്ദര്‍ശനം അടക്കമുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ഇതാണെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഘടനാ പ്രവർത്തനത്തിലും വീഴ്‌ച ഉണ്ടായിട്ടുണ്ട്. പ്ലീനം തീരുമാനം പോലും നടപ്പിലാക്കാത്ത സ്ഥിതിയാണുള്ളത്. 2015 ലെ കൊൽക്കത്ത പ്ലീനത്തിൽ പോഷക സംഘടനകളെ സജീവമാക്കണമെന്ന തീരുമാനം നടപ്പിലാക്കാത്തത് കനത്ത തിരിച്ചടിയായെന്നും വിലയിരുത്തല്‍.
പ്ലീന തീരുമാനത്തിൽ ചർച്ചകള്‍ മാത്രമാണ് നടന്നത്. ജനങ്ങളുമായുള്ള ബന്ധം അകലാൻ ഇത് കാരണമായി. തെരഞ്ഞെടുപ്പ് പ്രവർത്തനവും സംഘടനാ പ്രവർത്തന ബാഹുല്യവും കാരണമായി പറയാമെങ്കിലും ഇത് ഗുരുതരമായ വീഴ്ചയാണ്. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് പൂർണ്ണമായി അവതരിപ്പിച്ചു. നാളെയും മറ്റന്നാളും റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന സമിതിയിൽ തിരുത്തലുകൾ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. പ്രവർത്തന ശൈലിയിലെ മാറ്റം, സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ വർദ്ധനവ് തുടങ്ങിയവയാണ് ആറ് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗങ്ങളുടെ പ്രധാന അജണ്ട.