തിരുവനന്തപുരം : സ്വീകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം തീരുമാനം എടുത്തതിനെ തുടര്‍ന്ന് മുൻ ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ വിഖ്യാത മാഗ്‌സസെ പുരസ്‌കാരം നിരസിച്ചു. നിപാ,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്താണ് ശൈലജയെ സുപ്രധാന അന്താരാഷ്ട്ര അംഗീകാരത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.
ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മാഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനാണ് കെകെ ശൈലജയെ പരിഗണിച്ചത്. കൊവിഡ് 19, നിപാ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് മുന്നിൽ നിന്ന് ഫലപ്രദമായി നേതൃത്വം നൽകി പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കിയ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമൺ മാഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
എന്നാൽ കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൂടാതെ രമണ്‍ മാഗ്‌സസെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ഭരണാധികാരിയാണെന്ന് വിലയിരുത്തിയുമാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം.