തിരുവനന്തപുരം: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സിപിഎം തീരുമാനം. എ.രാജയ്ക്ക് അപ്പീൽ നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദേശം നൽകി. നേരത്തെ സമാന കേസുകളിലെ വിധി കണക്കിലെടുത്ത് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷ.
ഇത് സംബന്ധിച്ച് മുഴുവൻ രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. സംവരണം സംബന്ധിച്ച കിർത്താഡ്‌സ് രേഖകൾ അടക്കം പരിശോധിക്കും. കൊടിക്കുന്നിൽ സുരേഷിൻ്റേത് സമാനമായ കേസാണ് രാജയ്ക്കും എതിരെയുള്ളത് എന്നാണ് സിപിഎം വിലയിരുത്തൽ. കൊടിക്കുന്നിലിൻ്റെ സംവരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഈ കേസടക്കം പരിശോധിച്ച് ഉടൻ തന്നെ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. സംവരണം സംബന്ധിച്ച് നിയമ പ്രശ്‌നങ്ങളുണ്ടെങ്കിൽ നാമനിർദേശ പട്ടിക തളളുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഭാഗത്ത് നിന്നുണ്ടാകും. അതുണ്ടാകാത്തതിനാൽ നിയമപരമായ നടപടിയിലൂടെ ഹൈക്കോടതി വിധി മറികടക്കാമെന്നാണ് സിപിഎം വിലയിരുത്തൽ.
എന്താണ് സംഭവം: അതേസമയം ഇന്നാണ് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. സ്ഥാനാര്‍ഥി എ.രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി.കുമാറിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എ.രാജ ക്രിസ്‌തുമത വിശ്വാസിയാണെന്നും പട്ടിക ജാതിക്കാരനല്ലെന്നും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ.രാജ മത്സരിച്ചതെന്നുമായിരുന്നു ഡി.കുമാറിന്‍റെ വാദം. ഇതുപരിഗണിച്ച ഹൈക്കോടതി രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറയാനാകില്ലെന്നും പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും വ്യക്തമാക്കുകയായിരുന്നു. രാജയുടെ നാമനിര്‍ദേശം റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നെന്നും കോടതി അറിയിച്ചിരുന്നു.
ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ രജിസ്‌റ്ററിലെ രാജയുടെ വിവാഹ ഫോട്ടോ അടക്കം പരിശോധിച്ചായിരുന്നു കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ട അന്തോണി-എസ്‌തര്‍ ദമ്പതികളുടെ മകനാണ് രാജയെന്നും, ക്രിസ്‌തുമത വിശ്വാസിയായ ഷൈനി പ്രിയയാണ് അദ്ദേഹത്തിന്‍റെ ഭാര്യയെന്നും ക്രിസ്‌തു മതാചാര പ്രകാരമാണ് ഇരുവരും വിവാഹിതരായതെന്നും ഡി. കുമാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം വിവിധ അയോഗ്യതകള്‍ പരിഗണിച്ച് സംസ്ഥാനത്ത് മുമ്പും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. എന്നാലിത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാംഗത്വം റദ്ദാക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പ് മുമ്പും റദ്ദ് ചെയ്‌തിരുന്നു: ഇതിന് മുമ്പ് 1957ലും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. അന്ന് ദേവികുളം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന റോസമ്മ പുന്നൂസിന്‍റെ അംഗത്വമാണ് കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് വീണ്ടും വിജയിച്ചുകയറുകയായിരുന്നു.
Also Read: തുടർച്ചയായി നാലാം ദിനവും സഭ സ്‌തംഭിപ്പിച്ച് പ്രതിപക്ഷം, ഇന്നും നേരത്തെ പിരിഞ്ഞു