തിരുവനന്തപുരം: എഐ കാമറ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ തീരുമാനിച്ച് സിപിഎം. പ്രതിപക്ഷം നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും മൗനം പാലിച്ച സിപിഎം നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ പൂർണമായി പിന്തുണച്ച് രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം എകെ ബാലൻ ആണ് രാവിലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രിയെ പൂർണമായി പിന്തുണച്ചത്.
ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ തള്ളിയായിരുന്നു എകെ ബാലന്‍റെ പ്രതികരണം. ആരോപണങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ന് പറഞ്ഞ എകെ ബാലൻ നിരന്തരം ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെയും ആക്രമിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് കാമറ വിഷയത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. ആദ്യം രമേശ് ചെന്നിത്തലയും പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപണങ്ങൾ ഉന്നയിക്കുകയിരുന്നു. ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഉന്നയിച്ച് ഇവരിലെ അനൈക്യത്തെ മുതലെടുക്കാൻ ആയിരുന്നു സിപിഎം ആദ്യം മുതൽ ശ്രമിച്ചത്. വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണങ്ങൾ എന്ന നിലപാടാണ് ഇന്ന് എകെ ബാലനും സ്വീകരിച്ചത്.
ഇന്നു ആരംഭിച്ച സിപിഎം നേതൃയോഗങ്ങൾ അഴിമതി ആരോപണം സംബന്ധിച്ച് വിശദമായി പരിശോധിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ വിശദീകരണം നടത്താനാണ് സാധ്യത. അതിനുശേഷം പാർട്ടി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന കൂടുതല്‍ നടപടി സംബന്ധിച്ചും തീരുമാനമുണ്ടാകും.
സർക്കാരിന്‍റെ രണ്ടാം വാർഷിക ആഘോഷത്തിനിടയിൽ ഉണ്ടായ അഴിമതി ആരോപണങ്ങൾ പിണറായി സർക്കാറിന്‍റെ പ്രതിച്ഛായയെ ബാധിച്ചു എന്ന വിലയിരുത്തൽ സിപിഎമ്മിന് അകത്തുണ്ട്. ഇതിൽ തിരുത്തൽ വേണമെന്ന് ആവശ്യം സംസ്ഥാന സമിതിയിൽ അടക്കം ഉയരാനും സാധ്യതയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കവും കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാകും യോഗം ചേരുക.
Also Read: എഐ കാമറയില്‍ പ്രതിപക്ഷം കത്തിക്കയറുമ്പോൾ എന്ത് പറയണമെന്നറിയാതെ സിപിഎമ്മും എല്‍ഡിഎഫും