തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വര്‍ധിപ്പിച്ച മുഴുവന്‍ നികുതിയും കുറയ്ക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനം നികുതി കുറയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യം ബിജെപിയെ സഹായിക്കാനാണെന്ന് ആരോപിച്ച എ.വിജയരാഘവൻ സംസ്ഥാനം ഒരു ഘട്ടത്തിലും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ അതിനാനുപാതികമായി സംസ്ഥാന നികുതിയും കുറയും. അതിനാല്‍ കേന്ദ്രം വര്‍ധിപ്പിച്ച നികുതി മുഴുവന്‍ കുറയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടു വയ്‌ക്കേണ്ടത്. അതിനു പകരം ബിജെപിക്കൊപ്പം ചേര്‍ന്ന് അക്രമ സമരത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.
എല്‍ഡിഎഫ് സർക്കാർ നടത്തുന്ന മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം അക്രമ സമരത്തിനു ശ്രമിക്കുന്നത്. അക്രമണോത്സുകമായി കാര്യങ്ങള്‍ നീക്കുക എന്ന ബിജെപി ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറിയിരിക്കുന്നു. സര്‍ക്കാരിന്‍റെ ജനോപകാര പ്രദമായ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പ്രതിപക്ഷ നീക്കത്തിനെതിരെ നവംബര്‍ 16ന് 210 കേന്ദ്രങ്ങളില്‍ സിപിഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
40,000 തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും ജനപ്രതിനിധികളും രാവിലെ മുതല്‍ വൈകിട്ടു വരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കും. പ്രതിഷേധ പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ച് 5 ലക്ഷം പേരുടെ പ്രകടനം വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 30ന് എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധ സമരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍.
Also Read: Monson Mavunkal Case: മോൻസൺ കേസില്‍ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി