തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പാര്‍ട്ടി ജില്ലാ കമ്മിറ്റി തയ്യാറാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വീണ്ടും മത്സരിക്കും. സിറ്റിങ് എംഎല്‍എ മാരായ സികെ ഹരീന്ദ്രന്‍ പാറശാലയിലും കെ ആന്‍സലന്‍ നെയ്യാറ്റിന്‍കരയിലും വര്‍ക്കലയില്‍ വി ജോയിയും വാമനപുരത്ത് ഡികെ മുരളിയും വട്ടിയൂര്‍കാവില്‍ വികെ പ്രശാന്തും കാട്ടാക്കടയില്‍ ഐബി സതീഷും വീണ്ടും മത്സരിക്കും.
ആറ്റിങ്ങലില്‍ സിറ്റിങ് എംഎല്‍എ ബി സത്യന് പുറമേ ഒഎസ് അംബിക, വിഎ വിനീഷ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു, എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈലജാ ബീഗം എന്നിവരെ ഉള്‍പ്പെടുത്തി. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച് ബിജെപി സ്ഥാനാർഥി ഒ രാജഗോപാലിനോട് പരാജയപ്പെട്ട വി ശിവന്‍കുട്ടി, അദ്ദേഹത്തിന്‍റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍ പാര്‍വതീ ദേവി എന്നിവരാണ് പട്ടികയിലുള്ളത്. പട്ടിക ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി.