തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടേറിയറ്റ് യോഗവും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരും. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളാണ് നേതൃയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. അവസാന വര്‍ഷത്തില്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ വേണമെന്നാണ് പാർട്ടി നിലപാട്. ഇക്കാര്യങ്ങളില്‍ സംസ്ഥാന സമിതിയില്‍ വിശദമായ ചര്‍ച്ച നടക്കും.
മന്ത്രിസഭയിൽ അഴിച്ച് പണിയെന്ന ആവശ്യത്തിൽ യോഗം തീരുമാനമെടുക്കും. അവസാന വര്‍ഷം ഇത്തരമൊരു നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അതിനുളള പ്രാരംഭ ചര്‍ച്ചയും നേതൃയോഗങ്ങളിലുണ്ടാകും.
കോഴിക്കോട് സിപിഎം അംഗങ്ങളായ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുളളത് ഗുരുതര പ്രശ്‌നമാണെന്ന് വിലയിരുത്തി ഇത്തരമൊരു ആശയത്തിന് ലഭിച്ച സ്വീകാര്യതയുടെ വ്യാപ്തി പാര്‍ട്ടി പരിശോധിച്ചിരുന്നു. ഇക്കാര്യവും നേതൃയോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തും. ചികിത്സയിലായതിനാല്‍ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ വിശ്രമത്തിലുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃയോഗങ്ങളില്‍ പങ്കെടുക്കും.