തിരുവനന്തപുരം: എം.സി ജോസഫൈനോട് വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിര്‍ദേശം നല്‍കി സിപിഎം. ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നിര്‍ദേശം നല്‍കിയത്.
ഇന്ന്(ജൂണ്‍ 25) ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കാലാവധി പൂർത്തിയാക്കാൻ എട്ട് മാസം കൂടി നിലനിൽക്കെയാണ് രാജിവയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
പാര്‍ട്ടി വിലയിരുത്തല്‍
സ്ത്രീധനപീഡനം അടക്കമുള്ള വിഷയങ്ങൾ സജീവ ചർച്ചയായി നിൽക്കുന്ന സമയത്തുള്ള ജോസഫൈന്‍റെ പ്രതികരണം പൊതു സമൂഹത്തിൽ മോശം സന്ദേശമാണ് നൽകുന്നതെന്നും ഇത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
Also Read: ജോസഫൈന്‍റെ മോശം പരാമര്‍ശം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
സമൂഹ മാധ്യമങ്ങളിലും സിപിഎം അണികൾക്കിടയിലും ജോസഫൈനെ മാറ്റണമെന്ന് നിർദ്ദേശമുയർന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം അടിയന്തരമായി പരിശോധിച്ചത്.
നേരത്തെ രണ്ട് വട്ടം ഇത്തരത്തിൽ മോശമായ പരാമർശം ജോസഫൈന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ജാഗ്രത പുലർത്തണമെന്ന് പാര്‍ട്ടി രണ്ടുതവണയും നിർദേശം നൽകിയിരുന്നു. എന്നാൽ വീണ്ടും പിഴവുകൾ ആവർത്തിക്കുന്നതിനെ തുടർന്നാണ് രാജി എന്ന നിർദ്ദേശത്തിലേക്ക് സിപിഎം എത്തിയത്.
ജോസഫൈനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെന്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി പരിശോധിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത് രൂക്ഷമായ വിമര്‍ശനമാണ്. മുഴുവന്‍ നേതാക്കളും യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ത്തി. പാര്‍ട്ടിക്കാകെ അവമതിര്‍പ്പുയര്‍ത്തിയെന്ന വികാരം നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തി.
ഒരു കേന്ദ്രകമ്മറ്റിയംഗത്തിന്‍റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സമീപനം ഉണ്ടായതില്‍ ശക്തമായ നിലപാട് വേണമെന്ന് നേതാക്കള്‍ ഉന്നയിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന ഒരാളില്‍ നിന്നുള്ള ഇത്തരമൊരു പരാമര്‍ശത്തിന് എതിരെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി അണികള്‍ വരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചതും സിപിഎം പരിഗണിച്ചിരുന്നു.
മുമ്പ് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിലപാട് വേണമെന്ന് പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു.