തിരുവനന്തപുരം : എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. താൻ പറയുന്നത് നുറുങ്ങുകൾ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി അറിയാം. വായിൽ വെള്ളിക്കരണ്ടിയുമായി പ്രഭുവിന്‍റെ വീട്ടിൽ ജനിച്ച ആളല്ല താൻ. കർഷക തൊഴിലാളിയുടെ മകനായാണ് ജനിച്ചത്.
അവിടെ നിന്നും ഇതുവരെ എത്തിയത് ആരുടെ മുന്നിലും കൈകൂപ്പിയല്ല. താൻ എംപിയും എംഎൽഎയും മന്ത്രിയുമായത് ആരുടെയും കയ്യും കാലും പിടിച്ചല്ല. ആരുടെയും തിന്ന് നിരങ്ങി അല്ല മേൽവിലാസം ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ സുകുമാരൻ നായർ ഉദ്ദേശിക്കുന്ന കാര്യം ഇങ്ങോട്ട് വേണ്ട എന്നും ബാലൻ പറഞ്ഞു.
വിശ്വാസികളെ ഒപ്പം നിർത്താനാണ് ഈ വഴിവിട്ട നീക്കം നടത്തുന്നത്. എൻഎസ്‌എസിനുള്ളിൽ തന്നെ സുകുമാരൻ നായർ ഒറ്റപ്പെട്ടിട്ടുണ്ട്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ വരെ പരസ്യമായി വിമർശനമുന്നയിക്കുകയും രാജിവച്ച് പുറത്തുപോവുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവയ്‌ക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.
പട്ടികജാതിക്കാർ എന്നും മുസ്‌ലിം എന്നും പറഞ്ഞാൽ സുകുമാരൻ നായർക്ക് വല്ലാത്ത എനർജിയാണ് ഉണ്ടാകുന്നത്. ഇതൊന്നും പൊതുസമൂഹം അംഗീകരിക്കുന്ന കാര്യമല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ ഇത് വ്യക്തമായതാണ്. വോട്ടെടുപ്പ് ദിവസം സിപിഎമ്മിന് വോട്ട് ചെയ്യരുത് എന്ന് പറഞ്ഞ ആളാണ് സുകുമാരൻ നായർ. അങ്ങനെ ഒരാളിൽ നിന്ന് ഇത്തരം സമീപനം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും ബാലൻ പറഞ്ഞു.
ഗണപതിയുടെ പേര് പറഞ്ഞ് വിശ്വാസികളെ ഒപ്പം നിർത്തുന്നു : ഗണപതിയുടെ പേര് പറഞ്ഞ് വിശ്വാസികളെ ഒപ്പം നിർത്താൻ ശ്രമിക്കുന്ന എൻഎസ്‌എസ് പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ഭാഗമായ 68 ഏക്കർ അനധികൃതമായി കൈവശം വച്ചതായി കേസുണ്ട്. വ്യാജ രേഖകൾ ചമച്ചാണ് ഈ ഭൂമി കൈവശപ്പെടുത്തിയത്. ഗണപതിയെ കൂടി ആരാധിക്കുന്ന ആ ക്ഷേത്രത്തിന്‍റെ സ്വത്ത് ആദ്യം തിരിച്ചു നൽകണം. അതിനുശേഷം മാത്രമേ ഗണപതിയുടെ പേര് പറഞ്ഞ് പ്രതിഷേധം നടത്താവൂ.
കേസ് സംബന്ധിച്ച് എല്ലാ രേഖകളും കൈവശമുണ്ട്. ഇതിൽ സുകുമാരൻ നായരുടെ മറുപടി അറിഞ്ഞശേഷം രേഖകൾ പുറത്തുവിടും. എൻഎസ്‌എസിന്‍റെ കോളേജുകളിൽ അടക്കം സംവരണം പാലിച്ചാണോ നിയമനം നടത്തുന്നതെന്നും വ്യക്തമാക്കണം. ഏതെങ്കിലും പാവപ്പെട്ടവന് പണം നൽകാതെ ഇവിടെ ജോലി ലഭിച്ചിട്ടുണ്ടോ. എൻഎസ്‌എസ് നിയമം മെറിറ്റിന് മുകളിലാണോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.
ഇതെല്ലാമാണ് എന്‍റെ നുറുങ്ങുകൾ : സുകുമാരൻ നായരുടെ നുറുങ്ങു പരാമർശത്തെ പരിഹസിച്ച് ഇതെല്ലാം തന്‍റെ നുറുങ്ങുകൾ എന്ന ആമുഖത്തോടെയായിരുന്നു ബാലന്‍റെ ആരോപണങ്ങൾ. വ്യക്തിപരമായി ആരെയും ആക്രമിക്കാൻ അല്ല, രാഷ്‌ട്രീയമായാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഇത് മനസിലാക്കി സുകുമാരൻ നായർ പ്രതികരിക്കണം. സ്‌പീക്കർ എ എൻ ഷംസീറിന്‍റെ പരാമർശം ഇടത് നയത്തിന്‍റെ ഭാഗമാണ്.
സംഘപരിവാർ വീണു കിട്ടിയതിനെ ആയുധമാക്കുന്നു : വിദ്യാഭ്യാസം ശാസ്‌ത്രീയമായിരിക്കണം എന്നതാണ് ഇടതു നയം. അതാണ് സ്‌പീക്കർ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് വിവാദമാക്കിയാൽ അതിൽ മനസറിഞ്ഞ് ആരും പങ്കാളിയാവില്ല. ആരെയും മുറിവേൽപ്പിക്കുന്ന കാര്യമല്ല സ്‌പീക്കർ പറഞ്ഞത്. ഇടതുപക്ഷത്തെ വിമർശിക്കുന്ന വി.ഡി. സതീശനെ കുറിച്ച് സുകുമാരൻ നായർ നേരത്തെ എന്താണ് പറഞ്ഞതെന്ന് ഓർമ ഉണ്ടാകണമെന്നും ബാലൻ പറഞ്ഞു. സംഘപരിവാർ വീണു കിട്ടിയതിന് ആയുധമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ബാലൻ പറഞ്ഞു.