തിരുവനന്തപുരം: തോൽക്കുമെന്ന് ഉറപ്പായപ്പോൾ നിൽക്കക്കള്ളി ഇല്ലാതെ സിപിഎം, എസ്‌ഡിപിഐയുമായി കൂട്ടുകൂടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല സ്ഥലങ്ങളിലും സിപിഎം- എസ്‌ഡിപിഐ ധാരണയുണ്ട്. ഇരുവരും തമ്മിൽ പ്രകടമായ യോജിപ്പ് ഉണ്ടെന്നും ചില ഇടങ്ങളിൽ ബിജെപിയുമായും കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഈ വർഗീയ കൂട്ടുകെട്ടുകൾ ഉണ്ടെങ്കിലും കേരളത്തിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വാക്‌സിൻ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെതിരെ നടപടി സ്വീകരിക്കണം. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.