തിരുവനന്തപുരം : രമണ്‍ മാഗ്‌സസെ മൃഗീയമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ നടപ്പാക്കിയ വ്യക്തിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തെ പ്രവര്‍ത്തന മികവ് കെകെ ശൈലജയുടെ വ്യക്തിപരമായ നേട്ടമായി പാര്‍ട്ടി കാണുന്നില്ലെന്ന് യെച്ചൂരി വ്യക്തമാക്കി.
ഇടത് സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണത്. ഇതാണ് പുരസ്‌കാരം നിരസിക്കാനുളള ഒന്നാമത്തെ കാരണം. മാഗ്‌സസെ പുരസ്‌കാരം സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കാറില്ലെന്നതാണ് രണ്ടാമത്തെ കാരണം.
രമണ്‍ മാഗ്‌സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് മൂന്നാമത്തെ കാരണമായി യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്. പുരസ്‌കാരം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമായി ദേശീയ മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിച്ചിരുന്നു. ഇതും സീതാറാം യെച്ചൂരി തള്ളി.