തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ ഏറ്റവും പുതിയ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളി സിപിഎം. സ്വര്‍ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തു വന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്.
കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നത് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വാഗ്‌ദാനം നല്‍കിയെന്നത് നട്ടാൽ പൊടിക്കാത്ത നുണയാണ്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസിലാക്കാമെന്നിരിക്കേ ഇതിന്‍റെ പേരില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ കള്ള പ്രചാര വേലകള്‍ അഴിച്ചു വിടാനാണ് ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ശ്രമിക്കുന്നത്.
സർക്കാരിനെതിരെ സംഘപരിവാർ ഇടപെടൽ: അത്തരത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നത് ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആഗോളവത്‌കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പല വിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്. സംസ്ഥാന സര്‍ക്കാരിന് അര്‍ഹമായ വിഭവങ്ങള്‍ നല്‍കാതെയും ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികളും ഇതിന്‍റെ തുടര്‍ച്ചയാണ്.
also read: 'പിന്നോട്ടില്ല, ആരോപണങ്ങള്‍ വിജേഷ് പിള്ള സമ്മതിച്ചു': മറുപടിയുമായി സ്വപ്ന സുരേഷ്
നുണകൾ തിരിച്ചറിയാൻ പ്രബുദ്ധ ജനതക്കാകും: മാത്രമല്ല, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസുകള്‍ പിന്‍വലിപ്പിക്കാമെന്ന വാഗ്‌ദാനം ഇടനിലക്കാരെ കൊണ്ട് പാര്‍ട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നതെന്നോര്‍ക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചാരണങ്ങളെയും കേരളത്തിലെ പ്രബുദ്ധ ജനത തള്ളിക്കളഞ്ഞതാണ്.
വിശദീകരണത്തിനുള്ള കാരണം: അവയുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദ പ്രചാരണക്കാര്‍ മനസിലാക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ഓര്‍മിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരം തന്നെ സമീപിച്ച വിജേഷ് പിള്ള എന്ന മധ്യസ്ഥന്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞതായി സ്വപ്‌ന ഇന്നലെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരണവുമായി രംഗത്തെത്തിയത്.
also read: സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള; സംസാരിച്ചത് വെബ് സീരീസിനെ കുറിച്ച്
സ്വപ്‌നയുടെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഏതു നിയമനടപടിയെയും നേരിടുമെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്വപ്‌ന ഫേസ്‌ബുക്കിലൂടെ ഇന്ന് വ്യക്തമാക്കി.