തിരുവനന്തപുരം : സ്‌പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്‌എസ് നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്‌എസ് വീണു എന്ന വിലയിരുത്തലിലാണ് പാർട്ടി. അതിനാൽ വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം തീർത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
ശാസ്ത്രവും മിത്തുകളും സംബന്ധിച്ചാണ് സ്‌പീക്കർ സംസാരിച്ചത്. അതിൽ ഒരു മതത്തേയോ വിശ്വാസത്തേയോ അവഹേളിച്ചിട്ടില്ല. ശബരിമല വിഷയത്തിലേതുപോലെ വർഗീയ ധ്രുവീകരണത്തിനുള്ള ലക്ഷ്യമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ അനാവശ്യമായ വിവാദമാണ് ഉയരുന്നതെന്നും സിപിഎം വ്യക്തമാക്കുന്നു. വിഷയം രാഷ്ട്രീയമായി നേരിടാമെന്നാണ് സിപിഎം ധാരണ.
സ്‌പീക്കർക്കെതിരായി സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്.
അതിന്‍റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ശാസ്‌ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനേ ഇടയാക്കൂ.
ശാസ്‌ത്രീയമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന രീതിയെ ശക്തമായി അപലപിക്കണമെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടിൽ തന്നെ മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം. ഉച്ചകഴിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നുണ്ട്.