തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാൻ സിപിഎം തീരുമാനം. വ്യവസായ മന്ത്രി ഇ പി ജയരാജൻ പ്രൈവറ്റ് സെക്രട്ടറിയായ പ്രകാശൻ മാസ്റ്ററെയാണ് ഒഴിവാക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പ്രകാശൻ മാസ്റ്ററെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി മാറ്റുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനാണ് മുതിർന്ന നേതാവിനെ മാറ്റുന്നതെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.
എന്നാൽ മന്ത്രി ഇ പി ജയരാജനും പ്രകാശന്‍ മാസ്റ്ററും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് വിവരം. ഇക്കാര്യം മന്ത്രി സിപിഎം സംസ്ഥാന നേതൃത്വത്തേയും അറിയിച്ചിരുന്നു. ഇതേതുടർന്നാണ് പ്രകാശൻ മാസ്റ്ററെ മാറ്റാൻ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഇ പി ജയരാജന്‍റെ രണ്ടാം വരവിൽ പാർട്ടിയുടെ കൃത്യമായ സ്വാധീനമുറപ്പിക്കാനാണ് പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. മന്ത്രിമാരുടെ പ്രൈവറ്റ് സ്റ്റാഫിൽ പാർട്ടി നിയോഗിച്ച ഏറ്റവും മുതിർന്ന അംഗമാണ് പ്രകാശൻ മാസ്റ്റർ. വ്യവസായ വകുപ്പിലെ പല നടപടികളിലും പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാടുകൾ മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.