തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ ലേഖനം. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ സാമുദായിക ചേരുവ നല്‍കിയെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
'രാഷ്ട്രീയഘടനയില്‍ മാറ്റത്തിന് വഴിവയ്ക്കുന്ന ജനവിധി' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ രാഷ്ട്രീയഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണെന്ന് പറയുന്നു. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തെ അട്ടിമറിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതു പോലെ കോണ്‍ഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തി അട്ടിമറിക്കാണ് ശ്രമം നടന്നതെന്നും ലേഖനത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
Read more: ഇടതുമുന്നണിയുടേത് ചരിത്ര വിജയമെന്ന് എ വിജയരാഘവന്‍
തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവര്‍ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. 1959ലെ വിമോചനസമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാന്‍ കഴിയൂ എന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. ഈ രാഷ്ട്രീയ ഗൂഢാലോചനയെ ജനപിന്തുണയോടെ തോല്‍പ്പിച്ചതാണ് എല്‍ഡിഎഫിന്‍റെ ഏറ്റവും വലിയ നേട്ടമെന്നും ലേഖനത്തില്‍ പറയുന്നു.