തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കാൻ സിപിഎം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച വിശദമായി പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ബിജെപിക്ക് ഈ മേഖലകളിൽ ഉണ്ടായ മുന്നേറ്റം സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും ചില കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച അപകട സൂചനയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തുന്നത്. ഈ മേഖലകളിൽ ആവശ്യമായ തിരുത്തൽ വരുത്തണമെന്നും സെക്രട്ടറിയേറ്റിൽ തീരുമാനമായി. ഇക്കാര്യം നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും. ആറ്റിങ്ങൽ, വർക്കല, പന്തളം , കൊല്ലം ജില്ലയിലെ പരമ്പരാഗത മേഖലകൾ എന്നിവിടങ്ങളിലെ തിരിച്ചടിയാണ് സിപിഎം വിശദമായി പരിശോധിക്കുന്നത്.
ഈ മേഖലകളിൽ പലയിടത്തും ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാനായില്ല. മാത്രമല്ല ബിജെപി പല സീറ്റുകളും പിടിച്ചെടുക്കുന്ന സ്ഥിതിയും ഉണ്ടായി. ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണം എന്നാണ് സിപിഎം വിലയിരുത്തൽ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ പരിശോധനയും ഇന്ന് ആരംഭിച്ച സെക്രട്ടറിയേറ്റ് യോഗത്തിൽ നടന്നു.
സീറ്റുകളിൽ വിജയിച്ചു എങ്കിലും ബിജെപിക്ക് വോട്ട് ശതമാനത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ 98 നിയമസഭാ സീറ്റിൽ വ്യക്തമായ മുൻതൂക്കം എൽഡിഎഫിന് ഉണ്ടെന്നും സിപിഎം അവകാശപ്പെടുന്നു. യുഡിഎഫിന് 41 സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലും മുൻതൂക്കം ഉണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇതനുസരിച്ചുള്ള തുടർ ചർച്ചകൾ നാളെ തുടങ്ങുന്ന സംസ്ഥാനസമിതി യോഗത്തിൽ നടക്കുക.