തിരുവനന്തപുരം: മാർച്ച് 31ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് സിപിഎമ്മും സിപിഐയും മത്സരിക്കും. ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകളിലാണ് എൽഡിഎഫിന് വിജയിക്കാൻ കഴിയുക. ഈ രണ്ടു സീറ്റിൽ മാത്രം സിപിഎമ്മും സിപിഐയും മത്സരിക്കും.
ഇന്ന് (15.03.2022) ചേർന്ന ഇടതു മുന്നണി യോഗമാണ് സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ ഒന്ന് സിപിഎമ്മിൻ്റേയും മറ്റൊന്ന് ഘടകകക്ഷിയായ എൽജെഡിയുടേതുമാണ്. ഈ സീറ്റിന് സിപിഐ നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതാണ് ഇന്നത്തെ മുന്നണിയോഗം അംഗീകരിച്ചിരിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് ഇടത് മുന്നണി കൺവീനർ വിജയരാഘവൻ പറഞ്ഞു. ഏകകണ്ഠേനയാണ് മുന്നണി യോഗം തീരുമാനമെടുത്തതെന്നും കൺവീനർ വ്യക്തമാക്കി. രണ്ടു സീറ്റുകളിലും മത്സരിക്കണമെന്ന് സിപിഎം നിലപാടെടുത്തിരുന്നു. എന്നാൽ മുന്നണി യോഗത്തിൽ സീറ്റിനായി സിപിഐ ശക്തമായി ആവശ്യമുന്നയിച്ചു. ഇത് സിപിഎം അംഗീകരിക്കുകയായിരുന്നു.
ALSO READ: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സി.പി.ഐ ആദ്യകാല നേതാക്കളുടെ മക്കള്‍: കത്ത് കാനത്തിന് കൈമാറി