തിരുവനന്തപുരം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്‍റി-20 പ്രവർത്തകൻ ദീപു മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദീപുവിനെ കൊന്നത് സി.പി.എം പ്രവർത്തകരാണ്. മർദ്ദനം പ്രധാന സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലാണ് ഉണ്ടായത്. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.
കോളജുകളില്‍ കെ എസ് യു ആക്രമിക്കപ്പെടുന്നു
സംസ്ഥാനത്തുടനീളം പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട പ്രവർത്തകർ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ.എസ്.യു സ്ഥാനാർഥികൾ വിജയിച്ചതിനെച്ചൊല്ലി സംസ്ഥാനത്തെ കോളജുകളിലും നിരന്തരം അക്രമം നടക്കുകയാണ്. തങ്ങൾക്കെതിരായി ആരും ജയിക്കാൻ പാടില്ല എന്ന ധാർഷ്ട്യവും ധിക്കാരവും ആണ് നടക്കുന്നത്. തങ്ങളെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് സി.പി.എം നിലപാടെന്നും വി.ഡി സതീഷൻ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെത് ഭരണഘടന വിരുദ്ധ നിലപാട്
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്ന ഗവർണറുടെ ഭീഷണിക്ക് സർക്കാർ വഴങ്ങിയില്ലായിരുന്നുവെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. ഗവർണറുടേത് ഭരണഘടനാവിരുദ്ധമായ തീരുമാനമാണ്. കാരണം ഭരണഘടനയുടെ 163ആം വകുപ്പനുസരിച്ച് മന്ത്രിസഭ പാസാക്കി നൽകുന്ന നയപ്രഖ്യാപനം അംഗീകരിക്കാനുള്ള ബാധ്യത ഗവർണർക്കുണ്ട്. അനാവശ്യ സമ്മർദത്തിനാണ് സർക്കാർ വഴങ്ങിയത്.
രാജ്ഭവനിൽ ബി.ജെ.പി നേതാവിനെ നിയമിക്കാനുള്ള ഫയലിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയത് സർക്കാരിന്‍റെ അറിവോടെയായിരുന്നോവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
Also Read: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപു മരിച്ചു