തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്‍റെ പേരിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം. കലാപത്തിനായി ചില ശക്തികൾ ഗൂഢശ്രമങ്ങൾ നടത്തുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കമുള്ള സംഭവങ്ങൾ അത്യധികം ഗൗരവപൂർണ്ണവും അപലപനീയവുമാണ്. സമരത്തിന്‍റെ പേരിൽ തീരമേഖലകളിൽ സംഘർഷം സൃഷ്‌ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികളാണ് ഇതിനു പിന്നിലെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കി വിടുന്നവരെ തുറന്നുകാണിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എൽഡിഎഫ് ഭരണകാലത്ത് കേരളത്തിന്‍റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയാണ്. രാഷ്‌ട്രീയപ്രേരിതമായ ഇടപെടലുകളാണ് നടക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സർക്കാർ സാധ്യമായ ഇടപെടലുകളെല്ലാം നടത്തിയിട്ടുണ്ട്. എന്നാൽ പ്രശ്‌ന പരിഹാരത്തിനും സമരം അവസാനിപ്പിക്കുന്നതിനും ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് തടസമായി നിൽക്കുന്നത്. ഇത് ജനങ്ങൾ മനസ്സിലാക്കണമെന്നും വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുന്നതിന്‍റെ ആവശ്യകത ജനങ്ങളിൽ എത്തിക്കാൻ ശക്തമായ പ്രചരണ പരിപാടി ഉയർന്നുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു.