തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ഇടതുമുന്നണിയേയും, സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ആരോപണങ്ങളെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎമ്മിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തില്‍ കരുതലോടെയുള്ള രാഷ്‌ട്രീയ നീക്കങ്ങള്‍ സ്വീകരിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.
യുഡിഎഫും ബിജെപിയും ചേർന്ന് സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തുന്ന ഗൂഢാലോചനയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന മറുവാദമാണ് സിപിഎം ഉന്നയിക്കുന്നത്. ഇത് ശക്തമായി പ്രചരിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളും സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. പ്രതിപക്ഷ സമരങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചന ഉയർത്തി അതിനെ നേരിടാനുള്ള തീരുമാനമാണ് സിപിഎമ്മിൻ്റേത്.
സ്വപ്‌നയെ പ്രകോപിപ്പിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം സ്വപ്‌നയ്‌ക്കെതിരായ നിയമനടപടികള്‍ തുടരും.
Also read: മുഖ്യമന്ത്രിയുടെ രാജി: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം