തിരുവനന്തപുരം: നിരവധി നിര്‍ണ്ണായക വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സര്‍ക്കാറിനെതിരെ ഗവര്‍ണ്ണർ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇതില്‍ പ്രധാനം. ഒരു മാസത്തിനു ശേഷം നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗം നടത്തേണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി കടുത്ത അഭിപ്രായവ്യത്യാസത്തില്‍ തുടരുന്നത് ഗൗരവമായാണ് സിപിഎം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിര്‍ണ്ണായക നിലപാട് വേണമെന്ന് സിപിഎമ്മിലും ഇടതുമുന്നണിയിലും അഭിപ്രായമുണ്ട്.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കണമെന്നു ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതും ഇടതുപക്ഷത്തുനിന്നു തന്നെ എതിര്‍പ്പുകള്‍ ഉയരുന്നതും സെക്രട്ടേറിയറ്റ് പരിശോധിക്കും.
പൊലീസിനെതിരെ നിരന്തരം ഉയരുന്ന വിമര്‍ശനങ്ങളും സിപിഎം പരിശോധിക്കും. പാര്‍ട്ടിക്കുള്ളിലും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആലപ്പുഴയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.
എല്‍ജെഡി വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഷെയ്ഖ് പി.ഹാരിസിന്‍റെ കാര്യത്തിലും ഇന്ന് നിലപാട് സ്വീകരിക്കും. ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.