തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ബഫർ സോൺ, ലീഗ്, സജി ചെറിയാൻ, ട്രേഡ് യൂണിയന്‍ രേഖ, മറ്റു പരിഗണന വിഷയങ്ങൾ തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. മൂന്നുദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ നിരവധി വിവാദ വിഷയങ്ങളാകും പരിഗണനയ്ക്ക് വരിക.
ഏറെ സജീവമായ ബഫർസോൺ വിഷയം യോഗം വിശദമായി പരിശോധിക്കും. സർക്കാരിനെതിരെ പലകോണുകളിൽ നിന്നു പ്രതിഷേധം കനക്കുന്ന സാഹചര്യമാണ് പാർട്ടി പരിശോധിക്കുക. സിപിഎം പ്രദേശിക നേതാക്കൾ പോലും ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമാകുന്നുണ്ട്.
അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയകറ്റുന്ന ഇടപെടലാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതു വരെ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കാനും സാധ്യതയുണ്ട്. ഭരണഘടന വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ തിരിച്ചു വരവാണ് നേതൃയോഗം പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു വിഷയം.
വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാന്‍റെ പേരിൽ നിലവിൽ കേസൊന്നും ഇല്ല. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയുണ്ട്. കഴിഞ്ഞ രണ്ട് സെക്രട്ടേറിയറ്റ് യോഗങ്ങളിലും ഇക്കാര്യം ചർച്ചയായിരുന്നില്ല.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മുസ്‌ലിം ലീഗ് അനുകൂല പരാമര്‍ശവും നേതൃയോഗം പരിശോധിക്കും. പരമർശത്തിൽ ഇടത് മുന്നണിക്കുള്ളിൽ തന്നെ എതിർപ്പുയർന്നിരുന്നു. ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് വിവരം.
വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് രേഖ. ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്‌ച സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരും.