തിരുവനന്തപുരം: കേരള കോൺഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശനം ചർച്ച ചെയ്യുന്നതിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. ഇടത് സഹകരണം പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ വിഷയത്തിൽ അന്തിമ തീരുമാനം സിപിഐ സംസ്ഥാന നേതൃയോഗം എടുക്കും. ജോസിന്‍റെ മുന്നണി പ്രവേശനത്തിൽ കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റികൾക്കുള്ള എതിർപ്പ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് സംസ്ഥാന നേതൃയോഗം തീരുമാനം എടുക്കുമെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐയുടെ ഔദ്യോഗിക നിലപാട് കാനം അറിയിക്കും. കേരള കോൺഗ്രസ് കൂടി മുന്നണിയിൽ വരുന്നതിൽ സിപിഎമ്മിന് പൂർണമായും യോജിപ്പാണ്. ഇക്കാര്യം കാനം രാജേന്ദ്രനെ സിപിഎം അറിയിച്ചിട്ടുണ്ട്. നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് സിപിഐക്ക് തർക്കം. ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്‌തതിന് ശേഷമാകും സിപിഐ തീരുമാനമെടുക്കുക. ജോസ് കെ. മാണി എംഎൻ സ്‌മാരകത്തിൽ നേരിട്ടെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.