തിരുവനന്തപുരം: പ്രായപരിധി കർശനമാക്കുമെന്ന ഔദ്യോഗിക പക്ഷ തീരുമാനം കർശനമായി നടപ്പായതോടെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് സി. ദിവാകരനും കെ.ഇ. ഇസ്മയിലും പുറത്തായി. പ്രായപരിധി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സമ്മേളനത്തിനു തൊട്ടു മുൻപ് ഇരുവരും ഉയർത്തിയ എതിർപ്പ് തള്ളിയാണ് രണ്ടു പേരെയും ഒഴിവാക്കിയത്. പ്രതിനിധികളെ നിശ്ചയിക്കാൻ മത്സരം നടന്ന എറണാകുളം ജില്ലയിൽ പ്രമുഖർക്ക് തോൽവിയും നേരിടേണ്ടി വന്നു.
തോറ്റ പ്രമുഖർ: സി.പി.ഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ പി. രാജുമാണ് പരാജയപ്പെട്ട പ്രമുഖൻ. ജില്ലയിലെ പ്രമുഖ നേതാക്കളായ എ.എൻ. സുഗതൻ, എം.ടി.നിക്സൺ, ടി.സി. സഞ്ജിത് എന്നിവരും തോറ്റു. കൊല്ലത്തു നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിനെ ഒഴിവാക്കി. ചാത്തന്നൂർ സഹകരണ ആശുപത്രി വിവാദത്തിൻ്റെ പേരിൽ ജയലാലിനെ നേരത്തേ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് തിരിച്ചെടുക്കാതെ ഇപ്പോൾ ഒഴിവാക്കി.
കാനം രാജേന്ദ്രനെതിരെ നേരത്തേ പരസ്യ വിമർശനമുയർത്തിയ പീരുമേട് മുൻ എം.എൽ.എ ഇ.എസ്. ബിജിമോളെ നിഷ്‌കരുണം വെട്ടിനിരത്തി. വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്നും പാർട്ടിയുടെ പ്രമുഖ വനിത മുഖമായ ബിജിമോളെ ഒഴിവാക്കി. വനിത മുഖം എന്ന നിലയിൽ ബിജിമോളെ പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ഇടുക്കി ജില്ല സെക്രട്ടറി എസ്. ശിവരാമൻ ബിജിമോൾ പറ്റില്ലെന്ന് കർശന നിലപാടെടുത്തു.