തിരുവനന്തപുരം : സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും അതൃപ്‌തി പ്രകടിപ്പിച്ച് എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടികളും മതസാമുദായിക സംഘടനകളും നല്‍കുന്ന ആളുകളെ വച്ച് പ്രതിപ്പട്ടിക തയാറാക്കുന്ന രീതി പൊലീസ് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വിമർശനമുന്നയിച്ചു. പിന്നാലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി ചരിത്രമുള്ള കേരള പൊലീസ് കുറച്ചുകൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന വിമര്‍ശനവുമായി സി.പി.ഐ മന്ത്രി ജി.ആര്‍ അനിലും രംഗത്തെത്തി.
ആലപ്പുഴയിലെ ഇരട്ട കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് ഇടതുമുന്നണിക്കുള്ളില്‍ നിന്നുതന്നെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. തിരുവനന്തപുരം പോത്തന്‍കോട് നാടിനെ നടുക്കിയ പൈശാചികമായ കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ യാത്രികരായ പിതാവും മകളും ഗുണ്ട ആക്രമണത്തിന് വിധേയമായ സാഹചര്യത്തിലാണ് മന്ത്രി ജി.ആര്‍.അനിലിന്‍റെ പൊട്ടിത്തെറി. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടിന്‍റെ ഭാഗമായ പോത്തന്‍കോട് അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നത് വ്യക്തം.
Also Read: വികസന വിരോധികള്‍ എക്കാലവും മുഖം തിരിക്കും, സർക്കാര്‍ മുന്നോട്ട് തന്നെ; മുഖ്യമന്ത്രി
കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വരവിന് കാരണമായ വന്‍ ജനമുന്നേറ്റത്തിന്‍റെ ഖ്യാതിയാകെ പൊലീസ് കെടുത്തുന്നു എന്ന വിമര്‍ശനം സി.പി.ഐക്കുള്ളില്‍ ഉയരുന്നതിന്‍റെ പ്രതിധ്വനിയാണ് പന്ന്യന്‍റെയും മന്ത്രി ജി.ആര്‍ അനിലിന്‍റെയും വാക്കുകളിലൂടെ പുറത്തുവരുന്നത്. കേരളത്തില്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ പൊലീസിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ സി.പി.ഐ ദേശീയ നേതാവ് ആനി രാജ പൊലീസിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ അതിനെ തള്ളി സര്‍ക്കാരിനെ ന്യായീകരിച്ചിരുന്നിടത്താണ് ഇപ്പോഴത്തെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം.
മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തെറ്റുകളില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച സി.പി.ഐ സമീപകാലത്തായി സര്‍ക്കാരിനെ പ്രത്യേകിച്ച് പിണറായി വിജയനെ അന്ധമായി പിന്തുണയ്ക്കുന്നു എന്ന വിമര്‍ശനം അവിടെ നിന്നുതന്നെ ഉയരുകയാണ്. കാനം രാജേന്ദ്രന്‍ പിണറായി വിജയന്‍റെ ന്യായീകരണ തൊഴിലാളിയായി എന്ന വിമര്‍ശനം നേരത്തേനടന്ന പാര്‍ട്ടി എക്‌സിക്യുട്ടീവുകളിലും കൗണ്‍സിലുകളിലും ഉയര്‍ന്നിരുന്നു.
മാത്രമല്ല, ഫെബ്രുവരിയില്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ഇപ്പോഴത്തെ പൊലീസ് വിമര്‍ശനങ്ങളെ വിലയിരുത്തപ്പെടുന്നുണ്ട്. കാനത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാമതൊരവസരം നല്‍കണമെന്ന് വാദിക്കുന്നവരേക്കാള്‍ പുതിയ നേതൃത്വം വേണമെന്ന അഭിപ്രായവും സി.പി.ഐക്കുള്ളില്‍ ശക്തമാണ്.