തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. അത് അജണ്ടയിലേ ഇല്ല. തനിക്കു മുമ്പേ വന്നവരും തനിക്കു ശേഷം വന്നവരുമായ ധാരാളം ആളുകള്‍ പാര്‍ട്ടിയില്‍ അവസരം കാത്തു നില്‍പ്പുണ്ട്. ഇനിയും മത്സര രംഗത്തേക്ക് താനിറങ്ങുന്നത് അത്തരം ആളുകള്‍ക്ക് അവസരം നിഷേധിക്കലാകുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
പൊതു പ്രവര്‍ത്തനം എന്നത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുക, മത്സരിക്കുക, വിജയിക്കുക എന്നതു മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതുമെല്ലാം പൊതു പ്രവര്‍ത്തനം തന്നെയാണ്. കെ.എം.മാണി മുമ്പ് യു.ഡി.എഫിലായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളൊന്നും ഇനി ആലോചിക്കേണ്ടതില്ല. എല്‍.ഡി.എഫിന്‍റെ നയങ്ങള്‍ അംഗീകരിച്ച് മാനസാന്തരപ്പെട്ടാണ് ജോസ്.കെ.മാണി എല്‍.ഡി.എഫിലേക്കു വന്നത്. അങ്ങനെ ഒരാള്‍ എല്‍.ഡി.എഫിലേക്കു വരുമ്പോള്‍ വേണ്ടെന്നു പറയണമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയ റാങ്ക് ഹോള്‍ഡര്‍മാരെ കാണാന്‍ സി.പി.ഐ മന്ത്രിമാര്‍ പോയോ ഇല്ലയോ എന്നതല്ല പ്രശ്‌നമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിച്ചു എന്നതാണ് പരിശോധിക്കേണ്ടതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ചെറുപ്പക്കാരെ വഞ്ചിക്കുന്ന നിലപാട് എല്‍.ഡി.എഫ് സ്വീകരിക്കില്ലെന്ന് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.