തിരുവനന്തപുരം: സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സര്‍ക്കാരിന്‍റെ ചില തീരുമാനങ്ങളില്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് ഇന്ന് നിര്‍വാഹകസമിതി യോഗം ചേരുന്നത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശ പരിശീലനത്തിന് അയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിലാണ് അവസാനമായി സിപിഐ വിമര്‍ശനമുന്നയിച്ചത്. രൂക്ഷ ഭാഷയിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം അനാവശ്യമാണെന്ന് സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കുടുംബത്തോടൊപ്പം നടത്തിയ വിദേശയാത്രയിലും സിപിഐക്ക് എതിരഭിപ്രായമുണ്ട്. ഇക്കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോട് അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതിലും സിപിഐക്ക് വിയോജിപ്പുണ്ട്. പാര്‍ട്ടിയുടെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ഹൈദരാബാദില്‍ നടന്ന നിര്‍വാഹകസമിതി യോഗത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ യോഗം.