തിരുവനന്തപുരം: എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ മുഖപത്രം. ഒരു കോളജിൽ പഠിച്ച് പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർഥി അതേ കാലയളവിൽ മറ്റൊരിടത്ത് പഠിച്ച് വിജയിച്ചെന്ന സർട്ടിഫിക്കറ്റ് അതേ കോളജിൽ ഹാജരാക്കുമ്പോൾ കണ്ടെത്താനാകാതെ പോയെങ്കിൽ അത് ഗുരുതരമായ വീഴ്‌ചയാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്‍റെ നേട്ടങ്ങളെയും അംഗീകാരങ്ങളെയും അപ്രസക്തമാക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്.
ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ് വ്യാജ സർട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. കായംകുളം എംഎസ്എം കോളജിൽ ബിരുദ വിദ്യാർഥിയായ ഒരാൾ അതേ കോളജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നത് കേരളത്തിന് പുറത്തുള്ള മറ്റൊരു കോളജിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നും കായംകുളത്ത് പഠിച്ച അതേ കാലയളവിലുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കിയെന്നതുമാണ് വിചിത്രമായ കാര്യമെന്നും സിപിഐ വ്യക്തമാക്കുന്നു.
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽപ്പെടുന്ന എസ്‌എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സിപിഐ മുഖപത്രത്തിലെ മുഖപ്രസംഗം. അതേ സമയം വിവാദങ്ങൾ ശക്തമായിരിക്കെ സിപിഐ ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരും. അടുത്ത കാലത്ത് എസ്‌എഫ്‌ഐയുടെ പേരിലുണ്ടായ വിവാദ സംഭവങ്ങളെല്ലാം സംസ്ഥാന എക്‌സിക്യൂട്ടീവിൽ ചർച്ചയാകാനാണ് സാധ്യത. സർക്കാറിന്‍റെ മുഖച്ഛായയെ തന്നെ ബാധിക്കുന്ന വിഷയമായതിനാൽ കർശന നിലപാട് സ്വീകരിക്കാനാണ് സിപിഐയുടെ തീരുമാനം.
വ്യാജ സർട്ടിഫിക്കറ്റ് വിഷയം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിഖിലിനായി അന്വേഷണം നടത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
എസ്‌എഫ്‌ഐയുടെ മുഴുവൻ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയിലാണ് നിഖില്‍ തോമസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതെന്ന് എസ്എഫ്ഐ പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി വിദ്യാർഥി സംഘടനയായ കെഎസ്‌യുവും രംഗത്തെത്തി.
സിപിഎം നേതാവ് കെ.എം ബാബുജാനാണ് നിഖിലിന്‍റെ പ്രവേശനത്തിനായി മാനേജ്മെന്‍റിൽ സമ്മർദം ചെലുത്തിയതെന്നും ഡിപ്പാർട്ട്‌മെന്‍റ് തലവൻ സോണിക്കും നിഖിലിന്‍റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയാമായിരുന്നുവെന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ആരോപണം ഉന്നയിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇപ്പോൾ എസ്‌എഫ്‌ഐയുടെ പണിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങൾ എല്ലാം പൊളിയുകയാണ്.
നിഖിലിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. അന്നത്തെ പ്രിൻസിപ്പാള്‍ ഭദ്രകുമാരിക്കും ഇതിൽ പങ്കുണ്ടെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സംഭവത്തില്‍ ജൂൺ 17ന് ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഷമ്മാസ് പറഞ്ഞു.
also read:Fake Certificate Controversy | നിഖില്‍ തോമസിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്