തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടികയില്‍ ഏകദേശ ധാരണയായി. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്ന മാനദണ്ഡം കര്‍ശനമാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെയാണ് സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടികയിൽ വ്യക്തത വന്നത്. കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖന്‍ വീണ്ടും ജനവിധി തേടും. ഇതു മൂന്നാം തവണയാണ് ചന്ദ്രശേഖന്‍ ജനവിധി തേടുന്നത്. ചിറയിന്‍കീഴില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയും സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി. ചിറയിന്‍കീഴില്‍ നിന്നും തുടര്‍ച്ചയായ മൂന്നാമങ്കമാണ് ഇത്തവണത്തേത്. ഒല്ലൂരില്‍ ചീഫ് വിപ്പ് കെ.രാജന്‍ വീണ്ടും മത്സരിക്കും. രാജന്‍റേത് തുടര്‍ച്ചയായ രണ്ടാം മത്സരമാണ്. രാജനു പുറമേ പട്ടാമ്പിയില്‍ എം.മുഹമ്മദ് മൊഹ്‌സീന്‍, കൈപ്പമംഗലത്തു നിന്നും ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, കൊടുങ്ങല്ലൂരില്‍ വി.ആര്‍.സുനില്‍കുമാര്‍, വൈക്കത്ത് സി.കെ.ആശ, കരുനാഗപ്പള്ളിയില്‍ ആര്‍.രാമചന്ദ്രന്‍ എന്നിവരും രണ്ടാമങ്കത്തിന് ഇത്തവണയുണ്ടാകും.
നാട്ടികയില്‍ ഗീത ഗോപി, അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ചാത്തന്നൂരില്‍ ജി.എസ്.ജയലാല്‍ എന്നിവര്‍ മൂന്നാമങ്കത്തിനിറങ്ങും. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്കും മുന്‍ മന്ത്രിമാരായ സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്കും സീറ്റുണ്ടാകില്ല. മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ചതിനാലാണ് ഇവരെ മാറ്റി നിർത്തുന്നത്.
നെടുമങ്ങാട് മണ്ഡലത്തില്‍ സി.ദിവാകരനു പകരക്കാനാകാന്‍ ജില്ലാ സെക്രട്ടറി ജി. ആര്‍. അനിലിനോ ജില്ലാ കമ്മിറ്റി അംഗം മീനാങ്കല്‍ കുമാറിനോ ആണ് സാധ്യത. എ.ഐ.ടി.യു.സി ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി.രാഹുലിനെയും പരിഗണിക്കുന്നുണ്ട്. യുവാവും നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയെന്നതുമാണ് രാഹുലിനെ പരിഗണിക്കാന്‍ കാരണം. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനു പകരം സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബു മത്സരിക്കണം എന്നൊരാവശ്യം ഉയര്‍ന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം മുന്‍ ചടയമംഗലം എം.എല്‍.എ ആര്‍.ലതാദേവിയെ മത്സരിപ്പിക്കുന്നത് പരിഗണനയിലാണ്. പുനലൂരില്‍ സിനിമാ സംവിധായകന്‍ എം.എ.നിഷാദ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ പി.എസ്.സുപാലിന്‍റെ പേരും പുനലൂരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ചേര്‍ത്തലയില്‍ മുന്‍ ആലപ്പുഴ എം.പിയും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസിനെ മത്സരിപ്പിക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് മണ്ഡലത്തിലും ആഞ്ചലോസിനെ പരിഗണിക്കുന്നുണ്ട്. തൃശൂരില്‍ ശക്തനായ യുവ നേതാവിനെ മത്സരിപ്പിക്കാനാണ് സി.പി.ഐ ആലോചിക്കുന്നത്. സ്ഥിരമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ പരാജയപ്പെടുന്ന ഇരിക്കൂര്‍ ഒഴിവാക്കി കണ്ണൂരോ ജില്ലയില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റോ വേണമെന്ന് സി.പി.എമ്മിനോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 2016ല്‍ 27 മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.ഐ 19 ഇടങ്ങളിലാണ് വിജയിച്ചത്.