തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ സ്പ്രിംഗ്ലറിനെ കൊവിഡ് വിവര ശേഖരണത്തിന് ചുമതലപ്പെടുത്തിയതില്‍ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എ.കെ.ജി സെന്‍ററില്‍ നേരിട്ടെത്തി. കരാറിലെ അപാകതകള്‍ ചൂണ്ടികാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയാണ് കാനം അതൃപ്‌തി അറിയിച്ചത്.
ഇടതുമുന്നണിയുടെ നയത്തില്‍ നിന്ന് വ്യത്യസ്‌തമായാണ് കരാര്‍ എന്ന നിലപാടിലാണ് സിപിഐ. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഈ കരാര്‍. കരാര്‍ വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതിലും കരാറില്‍ നിയമ പരിധി അമേരിക്കയിലെ കോടതിയിലാക്കിയതും സിപിഐക്ക് എതിര്‍പ്പുണ്ട്. ഇവയെല്ലാം നേരിട്ട് അറിയിക്കാനാണ് കാനം എ.കെ.ജി സെന്‍ററിലെത്തിയത്.
നേരത്തെ കാനം കോടിയേരിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടാത സിപിഐയുടെ എതിര്‍പ്പ് കുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നേരിട്ട് എം.എന്‍ സ്മാരകത്തിലെത്തി കരാര്‍ സംബന്ധിച്ച് കാനം രാജേന്ദ്രനോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും സിപിഐ തൃപ്തരല്ലെന്ന സന്ദേശമാണ് സിപിഎമ്മിന് നല്‍കുന്നത്. വിവാദമുണ്ടായപ്പോള്‍ തന്നെ സിപിഐയുടെ നാല് മന്ത്രിമാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
സ്പ്രിംഗ്ലര്‍ കരാര്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ കാര്യത്തിലും സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയ നീക്കം മുന്നണി സംവിധാനത്തിന് യോജിച്ചതല്ലെന്ന കടുത്ത നിലപാടിലാണ് ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ. എത്രയും വേഗം മുന്നണി യോഗം വിളിച്ച് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറില്‍ വീഴ്ചയില്ലയെന്നും നടപടി ക്രമങ്ങള്‍ പാലിച്ചെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന മുഖ്യമന്ത്രിക്കും സിപിഐം നേതാക്കള്‍ക്കും സിപിഐയുടെ നിലപാട് വെല്ലുവിളിയാകും. മുന്നണിയിലെ കക്ഷികളെ പോലും ഇക്കാര്യം ബോധിപ്പിക്കാന്‍ കഴിയില്ലേയെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. സിപിഐ ദേശീയ നേതൃത്വവും കരാറില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നു.