തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം. മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇതെന്നും സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.
സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്ന നിർദേശവും ചർച്ചയില്‍ ഉയർന്നു. ആഭ്യന്തര വകുപ്പിന് എതിരെയും ചർച്ചയിൽ നിർദേശമുയർന്നു. പൊലീസിനെ നിലയ്‌ക്ക് നിർത്താൻ കഴിയുന്നില്ല. സർക്കാരിന് പൊലീസിനുമേൽ നിയന്ത്രണം ഇല്ലെന്നും പ്രതിനിധികൾ ആരോപിച്ചു.
തിരുവനന്തപുരം ലോക്‌സഭ സീറ്റിൽ തുടർച്ചയായി പരാജയപ്പെടുന്നത് നാണക്കേടാണ്. വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ നിർത്തി പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
ഇടതുമുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്ന പ്രവണത അവസാനിപ്പിക്കണം. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മറ്റികൾ തയാറാകണമെന്നാണ് സംഘടന റിപ്പോർട്ടിൻ്റെ ഉള്ളടക്കം.